banner

ഉത്രയെ കൊന്നത് സ്വത്തിന് വേണ്ടി; സൂരജിനെതിരെ ഗുരുതര ആരോപണങ്ങൾ നിരത്തി പ്രോസിക്യൂഷൻ

ഉത്ര കൊലക്കേസിൽ ഭർത്താവ് സൂരജിനെതിരെ ഗുരുതര ആരോപണങ്ങളുമായി പോസിക്യൂഷൻ. പാമ്പിനെക്കൊണ്ട് ഉതയെ കൊലപ്പെടുത്തിയത് സ്വത്തിന് വേണ്ടിയെന്ന് അന്തിമവാദത്തിൽ പ്രോസിക്യൂഷൻ കോടതിയിൽ പറത്തു. പാമ്പിനെ കൊണ്ട് കടിപ്പിച്ചത് സർപ്പകോപമാണെന്ന് വരുത്തി തീർക്കാനെന്നുള്ള ക്രിമിനൽ ഗൂഢാലോചനയായിരുന്നു പ്രതിയുടേത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പരമാവധി ശിക്ഷ പ്രതിക്ക് നൽകണമെന്നാണ് വിചാരണയുടെ അവസാന ഘട്ടത്തിൽ പ്രോസിക്യൂഷൻ നിലപാട്.

ഉത്രവധക്കേസിൽ പ്രോസിക്യൂഷൻ ഭാഗം വാദം ആറാം അഡിഷനൽ സെഷൻസ് ജഡ്ജി എം. മനോജ് മുമ്പാകെയാണ് ആരംഭിച്ചത്. ഭാര്യയുടെ സ്വത്ത് തട്ടിയെടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി സൂരജ് നടത്തിയ കൊലപാതകമാണ് ഉത്രയുടേതെന്നാണ് പ്രോസിക്യൂഷന്റെ പ്രധാനപ്പെട്ട വാദം. സർപ്പകോപമാണെന്ന് വരുത്തി തീർക്കാനായിരുന്നു പ്രതിയുടെ ശ്രമമെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് കോടതിയെ ആമുഖമായി അറിയിച്ചു. കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സൂരജ് കരുതലും സ്‌നേഹവും അഭിനയിക്കുകയായിരുന്നു. കൊലപ്പെടുത്തുന്നതിന് മുമ്പ് സൂരജ് നൽകിയ മയക്കുമരുന്ന് കലർന്ന പാനീയം വിശ്വാസത്തോടെ വാങ്ങിക്കുടിച്ചു. ആദ്യം അണലിയെ ഉപയോഗിച്ചുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് മൂർഖനെക്കൊണ്ട് കടിപ്പിച്ചത്. പാമ്പ് കടിയേറ്റു മരിച്ചാൽ അതു കൊലപാതകമാണെന്നു തെളിയിക്കാൻ ബുദ്ധിമുട്ടാണെന്നത് തിരിച്ചറിഞ്ഞായിരുന്നു സൂരജിന്റെ ക്രൂരമായ നടപടിയെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു.

സർപ്പശാസ്ത്രജ്ഞനായ മവീഷ് കുമാർ, വനം വകുപ്പ് ഉദ്യോഗസ്ഥൻ മുഹമ്മദ് അൻവർ, വെറ്റിനറി സർജൻ ഡോ. കിഷോർകുമാർ, ഫോറൻസിക് മെഡിസിൻ മേധാവി ഡോ. ശശികല എന്നിവരടങ്ങിയ വിദഗ്ധ സമിതി പാമ്പുകടി സ്വാഭാവികമല്ലെന്ന് കണ്ടെത്തിയ റിപ്പോർട്ട് കോടതി മുമ്പാകെ സമർപ്പിച്ചു. പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധനായ വാവ സുരേഷിനെയും ഇതേ വസ്തുതകൾ തെളിയിക്കാനായി കോടതിയിൽ വിസ്തരിച്ചു. രണ്ടു കടികളേറ്റ അകലം പരിശോധിക്കുമ്പോഴും പാമ്പിനെ ആയുധമാക്കി എന്ന് വ്യക്തം. ഉത്ര മരണപ്പെട്ടത് അസ്വാഭാവികമായ പാമ്പുകടിയാലാണെന്ന് പ്രോസിക്യൂഷൻ നിസംശയം തെളിയിച്ചതായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ ധരിപ്പിച്ചു. സൂരജിനെ വിഡിയോ കോൺഫറൻസ് വഴിയാണ് വിചാരണയിൽ പങ്കെടുപ്പിച്ചത്.

إرسال تعليق

0 تعليقات