കോഴിക്കോട് : സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട് പ്രണയത്തിലായ പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാവ്, പെൺകുട്ടിയുടെ അമ്മയുടെ എടിഎം കാർഡും പണവും അപഹരിച്ച് കടന്നുകളഞ്ഞു. മറ്റാരും ഇല്ലാത്ത സമയം നോക്കി പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാവ് മോഷണം നടത്തി കടന്നു കളയുകയായിരുന്നു. സംഭവത്തെ തുടർന്ന് ഫ്രാൻസിസ് റോഡ് ഷഫീഖ് നിവാസിൽ അർഫാൻ (21)നെ കസബ പൊലീസ് സംഘം അറസ്റ്റ് ചെയ്തു. നിരവധി മോഷണക്കേസിലെ പ്രതിക്കൂടിയാണ് പിടിയിലായ അർഫാൻ.
സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം വഴിയാണ് അർഫാൻ പെൺകുട്ടിയുമായി സൗഹൃദത്തിലായത്. ഈ സൗഹൃദം പ്രണയത്തിലേക്കും മാറി. ആരുമില്ലാത്ത തക്കത്തിന് പെൺകുട്ടി അർഫാനെ വീട്ടിലേക്ക് ക്ഷണിച്ചു ഇത് സ്വീകരിച്ച് അർഫാൻ ഇവിടേക്ക് എത്തി. വീട്ടിലെത്തിയ അർഫാൻ പിന്നീഡ് പെൺകുട്ടിയുടെ അമ്മയുടെ കിടപ്പുമുറിയിൽ വരെ എത്തി. ഇവിടെ നിന്ന് ലഭിച്ച പെൺകുട്ടിയുടെ അമ്മയുടെ ബാഗിൽ നിന്ന് നാല് എടിഎം കാർഡുകളും അതിലുണ്ടായിരുന്ന പണവും പ്രതി മോഷ്ടിച്ചു.
ഇക്കാര്യം പെൺകുട്ടിയും ശ്രദ്ധിച്ചില്ല. ബന്ധുക്കൾ എത്തുന്നതിന് മുൻപ് തന്നെ അർഫാൻ വീട്ടിൽനിന്ന് പുറത്തേക്കു പോയി. പിന്നീട് വിവിധ ഭാഗങ്ങളിലെ എടിഎമ്മുകളിൽനിന്നായി 45,000 രൂപ പിൻവലിച്ചു. പണം പിൻവലിച്ചെന്ന സന്ദേശം ഫോണിൽ വന്ന ശേഷമാണ് എടിഎം കാർഡ് നഷ്ടപ്പെട്ടതായി കല്ലായി സ്വദേശിയായ വീട്ടമ്മ അറിയുന്നത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു.
ശേഷം പൊലീസ് സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് കാമുകനായ മോഷ്ടാവിനെ പിടികൂടിയത്. പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയപ്പോൾ എടിഎം അടങ്ങുന്ന ബാഗുമായി ഇവർ എങ്ങും പോയിട്ടില്ലെന്നും വീട്ടിൽ മോഷണം നടന്നതായും വീട്ടമ്മ പറഞ്ഞു. എന്നാൽ മറ്റു വിലകൂടിയ സാധനങ്ങൾ ഒന്നും തന്നെ നഷ്ടപെട്ടില്ലെന്നും ഇവർ വ്യക്തമാക്കി.
ഇതിനിടെ പണം പിൻവലിച്ച എടിഎമ്മിൽനിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽൽ നിന്ന് പൊലീസ് ഒരു യുവാവിന്റെ ഫോട്ടോ വീട്ടമ്മയെ കാണിച്ചെങ്കിലും തനിക്കോ തന്റെ മക്കൾക്കോ അറിയില്ലെന്ന് അമ്മ പൊലീസിനോട് തറുതട്ടെ പറഞ്ഞു. എന്നാൽ മകളുടെ പെരുമാറ്റത്തിൽ പൊലീസിന് സംശയം തോന്നി തുടർന്ന് മകളെ മാറ്റിനിർത്തി ചോദ്യം ചെയ്തെങ്കിലും കുട്ടിയും അതേ നിലപാട് തുടർന്നു. അപ്പോഴേക്കും പ്രതിയെക്കുറിച്ച് പൊലീസിനു കൃത്യമായ വിവരങ്ങൾ ലഭിച്ചു.
തുടർന്ന് പ്രതിയെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ചു ഇത് ഉപയോഗിച്ച്, സൈബർ സെല്ലിന്റെ സഹായത്തോടെ വീട്ടമ്മയുടെ മകളുടെ ഫോൺ രേഖകളും സംഘം പരിശോധിച്ചു. ഇതിൽ നിന്ന് അർഫാനും പെൺകുട്ടിയും തമ്മിലുള്ള ബന്ധം സ്ഥിരീകരിച്ച പൊലീസ് തെളിവുകൾ നിരത്തി വിദ്യാർത്ഥിനിയോട് ആരാഞ്ഞു തുടർന്നാണ് താൻ ചതിയിൽപ്പെട്ട വിവരം പെൺകുട്ടി പുറത്ത് പറയുന്നത്. അർഫാൻ, ബിരുദ വിദ്യാർത്ഥിയാണെന്നും തൻ്റെ മാതാപിതാക്കൾ വിദേശത്താണെന്നുമാണ് പെൺകുട്ടിയോട് പറഞ്ഞിരുന്നത്.
അർഫാൻ പല സ്റ്റേഷനുകളിലായി വിവിധ മോഷണക്കേസിൽ ഒട്ടേറെ തവണ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളതായും പൊലീസ് ചൂണ്ടി കാട്ടി. ഇതെല്ലാം മറച്ചുവച്ചാണ് ഇയാൾ പ്രണയം നടിച്ചത്. കൂട്ടുകാരുമൊത്തുള്ള ഫോട്ടോയും മറ്റും സമുഹമാധ്യമങ്ങളിൽ ഇയാൾ പങ്കുവച്ചിട്ടുണ്ട്. കസബ ഇൻസ്‌പെക്ടർ എൻ.പ്രജീഷ്, എസ്‌ഐ ടി.ശ്രീജിത്ത്, സീനിയർ സിപിഒ പി.സജീവൻ, സിപിഒമാരായ സി.സുധർമൻ, പി.അനൂജ്, വനിത സിപിഒ പി.ഷറീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം
0 تعليقات