banner

ആത്മഹത്യ ചെയ്ത പോക്സോ കേസ് ഇരയുടെ ആത്മഹത്യാക്കുറിപ്പിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണങ്ങൾ

കഴിഞ്ഞദിവസം തേഞ്ഞിപ്പലത്ത് ആത്മഹത്യ ചെയ്ത പോക്സോ കേസ് ഇരയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. പെണ്‍കുട്ടി നേരത്തെ ജീവനൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പോക്‌സോ കേസ് അന്വേഷിച്ച ഫറോക്ക് പൊലീസ് സ്റ്റേഷനിലെ സിഐക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് കുറിപ്പിലുള്ളത്. സിഐ തന്നെ മോശം പെൺകുട്ടിയെന്ന് വിളിച്ച് അപമാനിച്ചു. പീഡനവിവരം നാട്ടുകാരോടെല്ലാം പറഞ്ഞു.

പ്രതിശ്രുത വരനെ ഭീഷണിപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളാണ് കുറിപ്പിലുള്ളത്. തന്റെ നിലവിലെ മാനസികാവസ്ഥയ്ക്ക് കാരണം സിഐ ആണെന്നും കുറിപ്പിലുണ്ട്. വിവാഹാലോചന നടക്കുന്ന സമയത്ത് പെണ്ണുകാണലിനെത്തിയ യുവാവിനോടാണ് ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പീഡിപ്പിച്ച വിവരം പെണ്‍കുട്ടി തുറന്നുപറയുന്നത്.

തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും ബന്ധുക്കളടക്കം ആറു പേര്‍ക്കെതിരേ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. എന്നാല്‍ പ്രതിശ്രുത വരനെ സിഐ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്നും താന്‍ മോശം പെണ്‍കുട്ടിയാണെന്നും വിവാഹം കഴിക്കേണ്ടെന്നും പറഞ്ഞതായാണ് പെണ്‍കുട്ടിയുടെ കുറിപ്പിലുള്ളത്. കേസിന്റെ തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍ അവിടെയുണ്ടായിരുന്ന നാട്ടുകാരോടെല്ലാം പീഡനവിവരം പറഞ്ഞ് അപമാനിച്ചു.

പുറത്തിറങ്ങാന്‍ പോലും വയ്യാത്ത അവസ്ഥയാണ്. തന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയ്ക്ക് കാരണം കേസിലെ പ്രതികളും കേസ് അന്വേഷിച്ച സിഐയാണെന്നും കുറിപ്പില്‍ ആരോപിക്കുന്നു. അതേസമയം, പെണ്‍കുട്ടിക്ക് കൗണ്‍സിലിങ് നല്‍കണമെന്ന് നിരന്തരം പൊലീസിനോട് ആവശ്യപ്പെട്ടിട്ടും പൊലീസ് അതിന് തയ്യാറായില്ലെന്ന് ഇരയുടെ മാതാവും ആരോപിച്ചു.

إرسال تعليق

0 تعليقات