banner

രക്ഷാദൗത്യം ഏകോപിപ്പിക്കാൻ കേന്ദ്രമന്ത്രിമാരെ യുക്രൈന്‍ അതിര്‍ത്തികളിലേക്ക് അയക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി : രക്ഷാദൗത്യം ഏകോപിപ്പിക്കാൻ കേന്ദ്രമന്ത്രിമാരെ യുക്രൈന്‍ അതിര്‍ത്തികളിലേക്ക് അയക്കാന്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗത്തിലാണ് ഇത് സംംബന്ധിച്ച തീരുമാനമുണ്ടായത്. റഷ്യന്‍ ആക്രമണം ശക്തമായി തുടരുന്നതിനിടെ, യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമം ഊര്‍ജ്ജിതമാക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ഇത്.

റഷ്യന്‍ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍, ഇതു രണ്ടാം തവണയാണ് പ്രധാനമന്ത്രി ഉന്നത തലയോഗം വിളിക്കുന്നത്. ഇന്നലെയും മോദി യോഗം വിളിച്ച് രക്ഷാദൗത്യത്തിന്റെ പുരോഗതി വിലയിരുത്തിയിരുന്നു. 

കേന്ദ്രമന്ത്രിമാരായ ഹർദീപ് സിങ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു, ജനറല്‍ വി കെ സിങ് എന്നിവരെയാണ് യുക്രൈന്‍ അതിര്‍ത്തി രാജ്യങ്ങളിലേക്ക് രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിനായി അയക്കുക. 

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ ഒഴിപ്പിച്ച് നാട്ടിലെത്തിക്കുന്നതിനാണ് പ്രധാന പരിഗണന നല്‍കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇന്ന് പ്രധാനമന്ത്രി വിളിച്ച ഉന്നത തലയോഗത്തില്‍ കേന്ദ്രമന്ത്രിമാരായ എസ് ജയശങ്കര്‍, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു, വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃം ഗ്ള, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

ഇതുവരെ യുക്രൈനില്‍ നിന്നുള്ള ഇന്ത്യാക്കാരുമായി അഞ്ചു വിമാനങ്ങള്‍ രാജ്യത്തെത്തി. യുക്രൈനില്‍ നിന്നും രാജ്യത്തെത്തിച്ച ഇന്ത്യാക്കാരുടെ എണ്ണം 1156 ആയി. 200 ഇന്ത്യാക്കാര്‍ ഇന്ന് പോളണ്ട് അതിര്‍ത്തി കടന്ന് എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 90 മലയാളികളുമുണ്ട്. 45 ഇന്ത്യാക്കാര്‍ ബസില്‍ മാള്‍ഡോവയിലെത്തി. ഇവര്‍ക്കായി സൈനിക ആശുപത്രി മാള്‍ഡോവ തുറന്നു നല്‍കി.ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ എത്തിയശേഷം ഇവരെ റൊമേനിയയിലേക്ക് കൊണ്ടുപോകും.

إرسال تعليق

0 تعليقات