banner

കെ സുധാകരനെ ആരും ഒന്നും ചെയ്യില്ല, ഒരു പിടി മണ്ണ് വീഴാൻ കോൺഗ്രസ് സമ്മതിക്കില്ല; സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി മുഴക്കിയത് ഗുണ്ടാ ഭീഷണി, സി വി വർഗീസിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്

കൽപ്പറ്റ : കോൺഗ്രസ് നേതാവും കെപിസിസി പ്രസിഡൻ്റുമായ കെ സുധാകരനെതിരെ വ്യക്തിപരമായ പരാമർശം ഉൾപ്പെടുത്തി പ്രസംഗം നടത്തിയ സിപിഎം ജില്ലാ സെക്രട്ടറിക്ക് എതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെ സുധാകരന്റെ ജീവൻ സിപിഎം നൽകിയ ഭിക്ഷയാണെന്ന പ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. കെ സുധാകരന്റെ ദേഹത്ത് ഒരു പിടി മണ്ണ് വീഴാൻ കോൺഗ്രസ് സമ്മതിക്കില്ലെന്നും വിഡി സതീശൻ വയനാട്ടിൽ പ്രതികരിച്ചു.

ഇടുക്കിയിലെ ധീരജ് കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പാട് കാര്യങ്ങൾ അറിയുന്ന വ്യക്തിയാണ് സിപിഎമ്മിന്റെ ഇടുക്കി ജില്ലാ സെക്രട്ടറി. ധീരജ് കൊലപാതകവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ വെളിപ്പെടുത്താൻ ശ്രമിച്ച എസ്എഫ്ഐ പ്രവർത്തകന വിലക്കിയത് ഈ ജില്ലാ സെക്രട്ടറിയാണ്. ഗുണ്ടാ ഭീഷണിയാണ് ഇടുക്കി ജില്ലാ സെക്രട്ടറിയുടെ വാക്കുകളിലൂടെ പ്രതിഫലിക്കുന്നത് എന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

പ്രകോപന പ്രസംഗത്തിന് പിന്നാലെ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെയുള്ള പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നുവെന്നും സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പ്രകോപനവും സ്ത്രീവിരുദ്ധവുമായ പ്രസ്താവനയാണ് സുധാകരൻ നടത്തിയത്. കൊല്ലപ്പെട്ട ധീരജീന്റെ ചോര ഉണങ്ങും മുൻപ് സുധാകരൻ പ്രകോപനപരമായി സംസാരിച്ചു. ഇതിന് മറുപടി എന്ന നിലയിലാണ് തന്റെ പരാമർശമെന്നും സി വി വർഗീസ് തിരുവനന്തപുരത്ത് പറഞ്ഞു.

കെ സുധാകരന്റെ ജീവിതം സിപിഎമ്മിന്റെ ഭിക്ഷയെന്നും, ഒരു നികൃഷ്ട ജീവിയെ കൊല്ലാൻ പാർട്ടിക്ക് താത്പര്യമില്ലാത്തതുകൊണ്ടാണ് സുധാകരൻ ജീവിച്ചിരിക്കുന്നത് എന്നുമായിരുന്നു വർഗീസിന്റെ പരാമർശം. ഇന്നലെ ചെറുതോണിയിൽ നടന്ന പൊതുസമ്മേളനത്തിനിടെ ആയിരുന്നു സിവി വർഗീസ് കൊലവിളി പ്രസംഗം നടത്തിയത്. 'സുധാകരന് സിപിഐഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നായിരുന്നു ഇടുക്കി ജില്ല സെക്രട്ടറി സി വി വർഗീസിന്റെ വാക്കുകൾ. ഒരു നികൃഷ്ട ജീവിയെ കൊല്ലാൻ താൽപര്യം ഇല്ലാത്തതു കൊണ്ടാണെന്നും പൊതുസമ്മേളത്തിൽ ജില്ലാ സെക്രട്ടറി അവകാശപ്പെട്ടു. കണ്ണൂരിൽ നിന്ന് വളർന്ന വന്നയാളാണ് കോൺഗ്രസ് നേതാവ് കെ സുധാകരൻ എന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ അവകാശവാദം. എന്നാൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി നൽകിയ ദാനമാണ്, ഭിക്ഷയാണ് ഈ ജീവിതമന്ന് കോൺഗ്രസുകാർ മറക്കരുത് എന്നും സിപിഐഎം ജില്ലാ സെക്രട്ടറി പ്രസംഗത്തിൽ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസ് ഇടുക്കിയിൽ പൊതുയോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. കെപിസിസി അധ്യക്ഷൻ ഉൾപ്പെടെ ഈ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. പരിപാടികളിൽ രൂക്ഷമായ വിമർശനമായിരുന്നു സിപിഐഎമ്മിനെതിരെ കെ സുധാകരൻ ഉന്നയിച്ചത്. ഇതിന് മറുപടി എന്ന നിലയ്ക്കാണ് സിപിഐഎം ചെറുതോണിയിലെ പൊതുയോഗ പരാമർശം എന്നാണ്  റിപ്പോർട്ടുകൾ.

إرسال تعليق

0 تعليقات