banner

വിവാഹമുറപ്പിച്ച യുവതിയുടെ വീട്ടിലെത്തി യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു; പ്രണയ നൈരാശ്യമെന്ന് സംശയം.

കോഴിക്കോട് : വിവാഹം നിശ്ചയിച്ച യുവതിയുടെ വീട്ടിലെത്തി വീടിന് തീ വെച്ച് യുവാവ് ആത്മഹത്യ ചെയ്തു. ജാതിയേരി പൊൻപറ്റ വീട്ടിൽ രത്നേഷ് (42)ണ് മരിച്ചത്. നാദാപുരം ജാതിയേരിയിൽ കല്ലുമ്മലിലാണ് സംഭവം. ചൊവ്വാഴ്ച്ച പുലർച്ചെ രണ്ട് മണിയോടെയാണ് രത്നേഷ് അര കിലോമീറ്ററോളം ദൂരെയുള്ള യുവതിയുടെ വീട്ടിലെത്തി അക്രമം നടത്തിയത്. വീടിൻറെ മുറ്റത്തുണ്ടായിരുന്ന ഇരുമ്പ് ഗോവണി ഉപയോഗിച്ച് ഇരുനില കോൺക്രീറ്റ് വീടിൻറെ മുകൾ നിലയിൽ കയറുകയും മരത്തിൻറെ വാതിൽ തകർത്ത് കിടപ്പ് മുറിയിൽ തീ വെക്കുകയായിരുന്നു.

വീട്ടിൽ നിന്ന് തീ ആളിപടരുന്നത് കണ്ട അയൽവാസി ബഹളം വച്ച് നാട്ടുകാരെ വിവരം അറിയിച്ചു. പ്രദേശവാസികൾ ഓടിയെത്തിയപ്പോൾ വീടിന്റെ ടെറസിൽ നിന്ന് ഇറങ്ങി വന്ന രത്നേഷ്, ദേഹമാസകലം പെട്രോൾ ഒഴിക്കുകയും, കുടിക്കുകയും ചെയ്ത ശേഷം തീ കൊളുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ശരീരമാകെ തീ ആളിപടർന്ന് വീട്ടിലേക്കുള്ള വഴിയിൽ ഗെയ്റ്റിന് സമീപം രത്നേഷ് വീണു.

യുവതിക്കും സഹോദരനും സഹോദര ഭാര്യയ്ക്കും പരുക്കേറ്റു. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. യുവതിയുടെ വിവാഹം ഏപ്രിലിൽ നിശ്ചയിച്ചതായിരുന്നു. രത്‌നേഷ് ഇലക്ട്രീഷ്യനാണ്. രത്‌നേഷിന്റെ മൃതദേഹം വടകര ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാദാപുരം ഡിവൈഎസ്പി ടി.പി.ജേക്കബ്, വളയം സിഐ എ.അജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. 

إرسال تعليق

0 تعليقات