ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം:
സാധാരണ മെറ്റൽ ഡിറ്റക്ടറുകൾ മുതൽ വ്യാപകവും ആഴമേറിയതുമായ തിരച്ചിൽ നടത്താൻ ശേഷിയുള്ള ഉപകരണങ്ങളും മൈൻ ഡിറ്റക്ടറുകളും ഉള്ള വളരെ മികച്ച ബോംബ് ഡിസ്പോസൽ സ്ക്വാഡ് ആണ് കേരള പോലീസിനുള്ളത്. ഉയർന്ന സുരക്ഷയുള്ള വി.വി.ഐ.പി സന്ദർശനങ്ങളിലും മറ്റ് ഗുരുതര സുരക്ഷാ ഭീഷണി ഉയർത്തുന്ന മേഖകളകളിലും പതിവായി ഉപയോഗിക്കാറുണ്ട്. എന്നാൽ തികച്ചും അപ്രതീക്ഷിതമായ മിഷൻ ആയിരുന്നു ഇത്തവണ ബോംബ് സ്‌ക്വാഡിന് ലഭിച്ചത്.
തിരുവനന്തപുരം മൃഗശാലയിലെ മുതിർന്ന വെറ്ററിനറി സർജൻ ശ്രീ. ജേക്കബ് അലക്സാണ്ടർ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് അഡിഷണൽ പോലീസ് ഡയറക്ടറെ നേരിട്ട് കാണാൻ ചെന്നപ്പോൾ ഇനി ഓഫീസ് മാറിയതാണോ എന്നും അദ്ദേഹം സംശയിക്കാതെയല്ല. എന്നാൽ അദ്ദേഹത്തിന്റെ അഭ്യർത്ഥന സ്വീകരിച്ച എഡിജിപി ശ്രീ. വിനോദ് കുമാർ ഐപിഎസ് ബോംബ് സ്ക്വാഡ് അംഗങ്ങളെ മൃഗശാലയിലേക്ക് നിയോഗിക്കുകയായിരുന്നു. കാര്യമെന്താണാണെന്നല്ലേ ?
ഇന്ത്യൻ മൃഗശാലകളിൽ രണ്ടോ മൂന്നോ ഇടങ്ങളിൽ മാത്രമുള്ള, വളരെയേറെ വിലപിടിപ്പുള്ള ആഫ്രിക്കൻ കാട്ടുപോത്തുകളെ പാർപ്പിക്കുന്നതിന് വേണ്ടിയുള്ള തുറന്ന കൂടിന്റെ ഇരുമ്പ് വേലി മൃഗശാല അധികൃതർ ഈയിടെ നവീകരിച്ചിരുന്നു. 16-ഉം 12-ഉം വയസ്സ് പ്രായമുള്ള ഒരു ജോടി ആഫ്രിക്കൻ കാട്ടുപോത്തുകളെയാണ് ഈ തുറന്ന കൂട്ടിൽ പാർപ്പിക്കാൻ ഉദ്ദേശിച്ചിരുന്നത്. നാലഞ്ചുമാസത്തെ പണി പൂർത്തിയാക്കി, പണി ഏറ്റെടുത്ത കരാറുകാരൻ അവശേഷിച്ച ഇരുമ്പിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്‌തിരുന്നു, എന്നാൽ നഗ്നനേത്രങ്ങൾ കൊണ്ട് തിരിച്ചറിയാൻ കഴിയാത്ത മൂർച്ചയുള്ള ചെറിയ വേലിക്കഷണങ്ങളും വെൽഡിംഗ് കമ്പികളുടെ സൂചികളും മണ്ണിനടിയിലും പുല്ലിനിടയിലും പതിഞ്ഞിരിക്കുന്നത് മൃഗശാല അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു.
ശ്രീ, അലക്സാണ്ടറുടെ അഭിപ്രായത്തിൽ മൂർച്ചയുള്ള ഇരുമ്പ് കഷണങ്ങളിൽ ഒന്ന് പോലും മൃഗങ്ങളുടെ ശരീരത്തിലോ വയറിനടിവശത്തോ കൊണ്ട് അന്തരാവയവങ്ങളായ റെറ്റിക്യുലം, ഡയഫ്രം, ഹൃദയം എന്നിവയിൽ തുളച്ചുകയറിയാൽ അണുബാധയ്ക്കും നീർവീക്കത്തിനും മാത്രമല്ല, ഹൃദയാഘാതത്തിന് വരെ കാരണമാകുകയും ചെയ്യും. ഒടുവിൽ Traumatic Reticulopericarditis എന്ന ഗുരുതരമായ രോഗാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും. വെറ്റിനറി സർജന്റെ ഔദ്യോഗിക അപേക്ഷ സ്വീകരിച്ച എഡിജിപി അദ്ദേഹത്തിന്റെ അഭ്യർത്ഥന മാനിച്ച്, തികച്ചും നല്ലൊരു കാര്യത്തിനായതിനാൽ സ്‌ക്വാഡിലെ അംഗങ്ങളെ മൃഗശാലയിലേക്ക് നിയോഗിക്കുകയായിരുന്നു.
ശ്രീ. സുനിൽ എം.ആർ., ശ്രീ. ശ്രീകുമാരൻ എച്ച്., ശ്രീ. കൃഷ്ണകുമാർ, ശ്രീ. ശ്രീജിത്ത്, ശ്രീ. പ്രവീൺ ഇ.ബി, ശ്രീ. അലക്‌സ് ബെർലിൻ, ശ്രീ, രതീഷ്, ശ്രീ. വിൽസ് കുമാർ, ശ്രീ. ബോബൻലാൽ എന്നിവരടങ്ങുന്ന സംഘം ആദ്യം സ്ഥലത്തെത്തി വിലയിരുത്തിയ ശേഷം രണ്ട് ദിവസങ്ങളിലായി ചുറ്റുവേലിക്കകം അരിച്ചുപെറുക്കി ഓരോ ചെറിയ ഇരുമ്പുകഷണങ്ങളും വീണ്ടെടുത്തു. സ്‌ക്വാഡ് അംഗങ്ങളുടെ ആത്മാർത്ഥമായ സേവനത്തിന് അപ്പ്രീസിയേഷൻ ലെറ്റർ നൽകിയാണ് മൃഗശാല അധികൃതർ മടക്കിയയച്ചത്.
0 تعليقات