banner

'താമസം വേറെ ആണെങ്കിലും പ്രായമായ പിതാവിനെ സംരക്ഷിക്കേണ്ടത് മകൻ, ചുമതലയിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല' - ബോംബെ ഹൈക്കോടതി

മുംബൈ : രോഗിയും വൃദ്ധനുമായ അച്ഛനെ സംരക്ഷിക്കുന്നതിൻ്റെ  ഉത്തരവാദിത്തത്തില്‍ നിന്ന് മകന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് ബോംബെ ഹൈകോടതി. മകനോടൊപ്പം ജീവിച്ചാലേ പിതാവിന് ജീവനാംശം നല്‍കൂ എന്ന് വ്യവസ്ഥ വെക്കാനും കഴിയി​ല്ലെന്നും കോടതി വ്യക്തമാക്കി.

മകന്‍ ഹരിഭാവു ബേഡ്കെയില്‍നിന്ന് ജീവനാംശം ആവശ്യപ്പെട്ട് പിതാവ് ജഗന്നാഥ് ബേഡ്കെ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജഡ്ജി വിഭ കങ്കന്‍വാടി വിധി പറഞ്ഞത്. പ്രതിമാസം 3000 രൂപ പിതാവിന് നല്‍കണമെന്ന് മകനോട് കോടതി ഉത്തരവിട്ടു. “അച്ഛനെ പരിപാലിക്കുന്നതിനുള്ള ഉത്തരവാദിത്തത്തില്‍നിന്ന് മകന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. അമ്മ താമസിക്കുന്നത് പോലെ അച്ഛനും തന്നോടൊപ്പം വന്ന് നില്‍ക്കണമെന്ന് മകന്‍ നിബന്ധന വെച്ചതായി അറിഞ്ഞു. മകന് അങ്ങനെയൊരു വ്യവസ്ഥ വെക്കാന്‍ അധികാരമില്ല’ -ജഡ്ജി ഉത്തരവില്‍ പറഞ്ഞു.

‘അമ്മയും അച്ഛനും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ട്. അമ്മ തനിക്കൊപ്പവും പിതാവ് വേര്‍പിരിഞ്ഞുമാണ് താമസിക്കുന്നത്’ -മകന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍, അച്ഛനും അമ്മയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മകന്‍ പരിഗണിക്കേണ്ടതില്ലെന്ന് ജഡ്ജി വ്യക്തമാക്കി.

“നിര്‍ഭാഗ്യവശാല്‍ പിതാവിന് സ്വന്തം ചെലവ് കണ്ടെത്താന്‍ കഴിയുന്നില്ല. മറ്റാരെയെങ്കിലും ആശ്രയിക്കേണ്ടിവരുന്നു. പിതാവിന്റെ ദുഷ്പ്രവണതകള്‍ കാരണം അമ്മയുമായി വേറിട്ടാണ് താമസിക്കുന്നത് എന്നാണ് മകന്‍ പറയുന്നത്. ഈ തര്‍ക്കങ്ങളിലേക്ക് ഞങ്ങള്‍ കടക്കുന്നില്ല. 73 വയസ്സിനു മുകളില്‍ പ്രായമുള്ള പിതാവ് 20 രൂപ ദിവസക്കൂലിക്ക് ജോലി ചെയ്യുകയാണ്’ -ജഡ്ജി ചൂണ്ടിക്കാട്ടി.

إرسال تعليق

0 تعليقات