അടൂർ : മോഷ്ടിച്ച ബൈക്കുകളുമായി ആക്രിക്കടയിൽ വില്പനയ്ക്കെത്തിയ യുവാക്കൾ പൊലീസ് കസ്റ്റഡിയിൽ. കൊട്ടാരക്കര പുലമൺ രഞ്ജുഭവനിൽ രഞ്ജു (24)വിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഒപ്പമുണ്ടായിരുന്ന പതിനേഴുകാരനെ ജുവൈനൽ ജസ്റ്റീസ് കോടതി മുമ്പാകെ ഹാജരാക്കും.
പഴകുളത്തുള്ള ആക്രിക്കടയിൽ ഇന്നലെ വൈകുന്നേരമാണ് ഇവർ വാഹനവുമായി എത്തിയത്. ആക്രി വ്യാപാരിക്കു തോന്നിയ സംശയമാണ് ഇവരെ കുടുക്കിയത്.
കെഎൽ 24 എൽ 2514 ഡിസ്കവർ ബൈക്കും കെഎൽ 24 ജി 6378 എൻഫീൽഡ് ബുള്ളറ്റുമാണ് ഇവർ കൊണ്ടുവന്നത്. ഇതിൽ ബുള്ളറ്റ് ഓടിച്ചിരുന്നത് പതിനേഴുകാരനാണ്. സംശയം തോന്നിയ വ്യാപാരി പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ച വാഹനങ്ങളാണെന്നു വ്യക്തമായത്. കസ്റ്റഡിയിലെടുത്ത ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്.
0 تعليقات