banner

ബാങ്കിൽ അടയ്ക്കാനെത്തിച്ച പണത്തിൽ കള്ളനോട്ടുകൾ; 54കാരൻ പിടിയിലായതിങ്ങനെ

ആലപ്പുഴ : കായംകുളത്ത് ബാങ്കിൽ അടയ്ക്കാനായി കൊണ്ടുവന്ന പണത്തിൽ നിന്ന് കള്ളനോട്ടുകൾ പിടികൂടി. 36500 രൂപയുടെ കള്ളനോട്ട് ആണ് പിടികൂടിയത്. സംഭവത്തിൽ കൃഷ്ണപുരം സ്വദേശി സുനിൽദത്തി (54)നെ പൊലീസ് അറസ്റ്റ് ചെയ്തു.

കായംകുളത്ത് ഇയാൾ ഭാര്യ സിലിയുടെ അക്കൗണ്ടിൽ അടയ്ക്കാനായി ഫിനോ പേമെന്റ് ബാങ്കിൽ ഏൽപ്പിച്ച പണം കായംകുളം എസ്ബിഐയുടെ ബിസിനസ് ശാഖയിൽ അടക്കുവാനായി എത്തിയപ്പോഴാണ് 500 രൂപയുടെ 73 കള്ളനോട്ടുകൾ കണ്ടെത്തിയത്.

ബാങ്കിൽ നിന്നും അറിയിച്ചതിനെ തുടർന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തതിൽ കായംകുളത്തും പരിസര പ്രദേശങ്ങളിലും പല ആൾക്കാർക്കും ഇത്തരത്തിൽ കള്ളനോട്ട് വിതരണത്തിനായി കൈമാറിയിട്ടുണ്ടെന്ന വിവരം ലഭിച്ചു.

കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായിട്ടാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരുന്നതായും കായംകുളം പൊലീസ് അറിയിച്ചു. കായംകുളം ഡിവൈ.എസ്.പി. അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സി.ഐ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

إرسال تعليق

0 تعليقات