banner

'ഞങ്ങള്‍ താലിബാന്‍‍ വക്താക്കൾ'; വിവാദ പരാമർശവുമായി പാകിസ്ഥാന്‍ ഉപധനകാര്യമന്ത്രി

ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ഭരണകൂടം താലിബാന്‍റെ വക്താക്കളാണെന്ന് സമ്മതിച്ച് പാക് വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖാര്‍. ഒരു അഭിമുഖത്തിന് ഇടയിലാണ് പാകിസ്ഥാന്‍, താലിബാന്‍റെ വക്താവായി പ്രവര്‍ത്തിക്കുന്നുവെന്ന് മന്ത്രി പരസ്യമായി പറഞ്ഞത്. അഫ്ഗാനിസ്ഥാന് വേണ്ടി ആഗോള വേദികളില്‍ ഇസ്ലാമാബാദ് പലപ്പോഴും സംസാരിക്കാറുണ്ടെന്നും അവര്‍ സമ്മതിച്ചു. ദാരിദ്ര്യം, പട്ടിണി, ഭീകരത എന്നിവയുടെ അനന്തരഫലങ്ങൾ അഫ്ഗാനിസ്ഥാന്‍ അഭിമുഖീകരിക്കുമ്പോള്‍, പാകിസ്ഥാന് നോക്കിയിരിക്കാനാകില്ല. അതിനാല്‍ ഷെഹ്ബാസ് ഷെരീഫിന്‍റെ നേതൃത്വത്തിലുള്ള ഭരണകൂടം താലിബാൻ ഭരണകൂടവുമായി സംഭാഷണത്തിന് മുൻഗണന നൽകിയെന്നും ഖാർ കൂട്ടിച്ചേർത്തു.

പാക് അതിർത്തിയിൽ അക്രമങ്ങളില്‍ പെട്ട് കൊല്ലപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചാൽ രാജ്യത്ത് തനിക്ക് പോലും ഒരു മുറി അവശേഷിക്കില്ലെന്ന് ഖാർ പറഞ്ഞു. “എന്ത് ചെയ്യണമെന്ന് മറ്റുള്ളവരെ ഉപദേശിച്ചുകൊണ്ട് ഞങ്ങൾ നയതന്ത്രം പിന്തുടരുന്നില്ല. ഞങ്ങൾ, സ്വന്തം കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കുന്നു. അത് പാശ്ചാത്യ വീക്ഷണമല്ല. അഫ്ഗാനിസ്ഥാനിൽ ഇത്തരമൊരു സാഹചര്യം ഉണ്ടാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഒരു വിധത്തിൽ, ഞങ്ങൾ താലിബാൻ വക്താക്കളായി മാറുന്നു. താലിബാൻ ഗവൺമെന്‍റിലെ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖി സാഹിബിന്‍റെ ജോലിയാണ് അഫ്ഗാനിസ്ഥാന്‍റെ വക്താവായി പ്രവർത്തിക്കുക എന്നത്. അത് ഞങ്ങളുടേതല്ല.” ഹിന റബ്ബാനി ഖാർ പറഞ്ഞു. 

ഇറാന് പുറമെ അഫ്ഗാനിസ്ഥാന്‍റെ 2600 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന ഒരേയൊരു രാജ്യമാണ് പാകിസ്ഥാൻ. അഫ്ഗാന്‍റെ എല്ലാം നയതന്ത്രബന്ധങ്ങളും അടച്ച്, ബാങ്കുകള്‍ പൂട്ടി അവരെ പട്ടിണിക്കിട്ടു. അഫ്ഗാനിലെ ജനങ്ങള്‍ പട്ടിണി കിടന്ന് മരിക്കുമ്പോള്‍, തീവ്രവാദത്തിലേക്ക് നീങ്ങുമ്പോള്‍ ഏത് രാജ്യമാണ് ശ്രദ്ധിക്കേണ്ടതെന്നും അത് അറ്റ്ലാന്‍റിക്കിന് കുറുകെ ഇരിക്കുന്നവരല്ലെന്നും മറിച്ച് അഫ്ഗാനുമായി 2600 കിലോമീറ്റർ അതിർത്തി പങ്കിടുന്ന പാക്സ്ഥാനാണെന്നും മന്ത്രി വിശദമാക്കി. അമേരിക്കയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ഖാര്‍ സ്വയം ന്യായീകരിക്കാൻ ശ്രമിച്ചത്. 

إرسال تعليق

0 تعليقات