banner

ഖത്തർ ലോകകപ്പ് : ഡെൻമാർക്കിനെ സമനിലയിൽ തളച്ച് ടുണീഷ്യ

ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ഡിയിലെ ഡെൻമാർക്ക്-ടുണീഷ്യ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. ഇരുടീമുകൾക്കും ഗോളടിക്കാനായില്ല. കരുത്തരായ ഡെന്മാർക്കിനെതിരേ മികച്ച പ്രകടനമാണ് ടുണീഷ്യ ആദ്യ പകുതിയിലും രണ്ടാം പകുതിയിലും പുറത്തെടുത്തത്. മത്സരത്തിന്റെ തുടക്കത്തിൽ ടൂണീഷ്യയാണ് ആക്രമിച്ച് കളിച്ചത്. തുടർച്ചയായി ഡെന്മാർക്ക് ഗോൾ മുഖത്ത് അപകടം വിതറാൻ ടുണീഷ്യയ്ക്ക് സാധിച്ചു.

ആദ്യ 45 മിനുറ്റുകളിലും നാല് മിനുറ്റ് അധികസമയത്തും ഇരു ടീമുകൾക്കും വല ചലിപ്പിക്കാനായില്ല. ഡെൻമാർക്ക് 3-4-3 ശൈലിയിലും ടുണീഷ്യ 3-4-2-1 ഫോർമേഷനിലുമാണ് കളത്തിലെത്തിയത്. ക്രിസ്റ്റ്യൻ എറിക്‌സണിൻറെ സാന്നിധ്യമാണ് ഡെൻമാർക്ക് നിരയിലെ ശ്രദ്ധേയം.

23-ാം മിനിറ്റിൽ ടുണീഷ്യയ്ക്ക് വേണ്ടി ഇസാം ജെബാലി ലക്ഷ്യം കണ്ടെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. പതിയെ ഡെന്മാർക്കും ആക്രമണത്തിലേക്ക് നീങ്ങിയതോടെ മത്സരം ആവേശത്തിലേക്കുയർന്നു. എന്നാൽ ഹോയ്ബർഗും ഓൾസണും എറിക്‌സണുമെല്ലാം അണിനിരന്ന മുന്നേറ്റനിരയെ സമർത്ഥമായി നേരിടാൻ ടുണീഷ്യൻ പ്രതിരോധത്തിന് സാധിച്ചു.

ഡെന്മാർക്കിൻറെ ഇതുവരെയുള്ള ഏറ്റവും മികച്ച ലോകകപ്പ് നേട്ടമെന്നത് ലോകകപ്പിൽ ക്വാർട്ടറിലെത്തിയതാണ്. ലോകകപ്പ്‌ യോഗ്യതാ റൗണ്ട് മത്സരങ്ങളിൽ യൂറോപ്പിൽ നിന്ന്‌ ജർമനിക്കൊപ്പം ഏറ്റവുമാദ്യം യോഗ്യത നേടിയ ടീം കൂടിയാണ് ഡെന്മാർക്ക്. കളിച്ച 10 മത്സരങ്ങളിൽ ഒമ്പതിലും വിജയം. സ്വന്തം പോസ്റ്റിൽ കയറിയതാകട്ടെ മൂന്ന്‌ ഗോൾമാത്രവും. വഴങ്ങിയത് ഒരേയൊരു തോൽവിയും.

ഇത്തവണ ഗ്രൂപ്പ് ഡിയിലാണ് ഡെൻമാർക്ക്‌ ഇടം നേടിയത്. നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിനൊപ്പം ഓസ്ട്രേലിയ, ടുണീഷ്യ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ലോക റാങ്കിങിൽ 10ാം സ്ഥാനത്തുള്ള ഡെൻമാർക്ക് സ്‌ക്വാഡിലെ ശ്രദ്ധാകേന്ദ്രം ക്രിസ്റ്റ്യൻ എറിക്സൺ തന്നെയാണ്.

കഴിഞ്ഞ യൂറോ കപ്പിൽ ഫിൻലൻറിനെതിരായ മത്സരത്തിൽ ഹൃദയാഘാതം മൂലം കുഴഞ്ഞു വീണ എറിക്‌സൺ മരണമുഖത്തു നിന്ന് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിയത് ഫുട്‌ബോൾ ലോകം ഒരിക്കലും മറക്കില്ല.

കഴിഞ്ഞ തവണത്തെ റഷ്യൻ ലോകകപ്പിൽ ഒരു കളി മാത്രം ജയിക്കാൻ കഴിഞ്ഞ ഡെന്മാർക്കിന് ഗ്രൂപ് ഘട്ടം കടക്കാൻ കഴിഞ്ഞിരുന്നില്ല. ലോകകപ്പിനെത്തുമ്പോൾ കറുത്ത കുതിരകളാകാനല്ല ഞങ്ങളുടെ വരവ്, ഈ അതിനും അപ്പുറമാണ് ഈ നിര എന്ന് പറയുന്ന പരിശീലകൻ കാസ്‌പെർ ഹുൽമണ്ട് തന്നെയാണ് ഡെൻമാർക്ക്‌ ടീമിന്റെ കരുത്ത്.

إرسال تعليق

0 تعليقات