banner

30 വർഷം തന്നെ സേവിച്ച ഭാസ്‌ക്കരേട്ടന് ജോലി ഉപേക്ഷിച്ചപ്പോഴും മാസാമാസം ശമ്പളം അയച്ച അറബി, അനുഭവ കുറിപ്പ് പങ്കുവച്ച് അഷ്റഫ് താമരശ്ശേരി.

പ്രവാസി മലയാളികൾക്ക് മറക്കാനാവാത്ത പേരാണ് അഷ്റഫ് താമരശ്ശേരിയുടേത്. മരുഭൂമിയിൽ ഒറ്റപ്പെട്ട് കഴിയുന്ന നിരവധി പേർക്ക് കൈത്താങ്ങാണ് ഇദ്ദേഹം. അറബിനാട്ടിൽ വച്ച് മരണപ്പെടുന്ന പ്രവാസികളുടെ ചേതനയറ്റ ശരീരം അവരുടെ ജന്മനാട്ടിൽ എത്തിക്കുന്നതിന് വേണ്ടി മുൻകൈ എടുക്കുന്ന അഷ്റഫ് താമരശ്ശേരി, മിക്കപ്പോഴും ഹൃദയസ്പർശിയായ കുറിപ്പുകളും ഫേസ്ബുക്കിൽ ഇടാറുണ്ട്. അത്തരത്തിൽ അദ്ദേഹം മുപ്പത് വർഷത്തോളം ഷാർജയിൽ അറബിയുടെ വീട്ടിൽ സേവനം ചെയ്ത ഭാസ്‌ക്കരേട്ടന് എന്ന മലയാളി പ്രവാസിയുടെ ജീവിതം കഴിഞ്ഞ ദിവസം കുറിച്ചിരുന്നു.

ഞാനിത് എഴുതുന്നത് ഒരുപാട് ദുഃഖത്തോടെയും അതോടൊപ്പം സ്നേഹപ്രതീക്ഷളോടെയുമാണ്...

ഇന്നെനിക്ക് നേരിട്ട് അഭിമുഖീകരിക്കേണ്ടിവന്ന ഒരു അനുഭവകുറിപ്പാണിത്.

ഭാസ്‌കരേട്ടൻ ഒരു മലയാളിയാണ്. വെറും മലയാളീയെന്നുപറഞ്ഞ് സംഭവത്തെ ലളിതമാക്കാൻ ഞാൻ ശ്രമിക്കുന്നില്ല. ഓരോ മലയാളിക്കും അഭിമാനിക്കാൻ വക നൽകുന്ന പ്രവൃത്തികളാണ് ഭാസ്ക്കരേട്ടനിൽ നിന്നും ഉണ്ടായിട്ടുള്ളത്.

30 വർഷക്കാലം ഒരു അറബിയുടെ കീഴിൽ ജോലിചെയ്യാൻ ഭാസ്‌ക്കരേട്ടന് കഴിഞ്ഞു.

കോവിഡ് അതിന്റെ മൂർദ്ധന്യത്തിൽ എത്തിയസമയം.... തന്റെ സഹായി അതിൽ പെട്ടുപോകരുതെന്നു കരുതി അർബാബ് ആയ അറബി ഭാസ്‌ക്കരേട്ടനെ നാട്ടിലേക്ക് പോകാൻ നിർബന്ധിച്ചു. ആ സമയത്ത് അത് അനുസരിക്കുകയേ അയാൾക്ക്‌ നിവൃത്തിയുണ്ടായിരുന്നുള്ളൂ. അർബാബിനോട് യാത്രപറഞ്ഞ് അയാൾ നാട്ടിലേക്ക് തിരിച്ചു പോയി.

അതുകൊണ്ടൊന്നും അറബിയുടെ ഭാസ്‌കരേട്ടനോടുള്ള സ്നേഹം തീരുമായിരുന്നില്ല. മാസാമാസം കൃത്യമായി ശമ്പളം അയച്ചുകൊടുത്തുകൊണ്ടിരുന്നു. വെറുതെയല്ല... അറബിയുടെ കുടുംബത്തിന് സഹായിയായി നിന്ന തന്റെ സേവകൻ കൊറോണക്കാലത്ത് കേരളത്തിൽ കഷ്ടപ്പെടരുതെന്ന് അദ്ദേഹം ചിന്തിച്ചു. മനുഷ്യനായി ജനിച്ചതുകൊണ്ടുമാത്രം ഒരാൾക്ക് അങ്ങിനെ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിഞ്ഞുകൊള്ളണമെന്നില്ല...ദൈവാനുഗ്രഹം...അൽഹംദുലില്ലാഹ്.....

മാസങ്ങൾ കടന്നുപോയി....
തന്റെ സഹായിയെ കാണാൻ അർബാബിന് അതിയായ ആഗ്രഹം... പിന്നെ വൈകിയില്ല. താൽക്കാലികവിസയും ടിക്കറ്റും വേഗം തയ്യാറായി.

ഭാസ്‌കരേട്ടൻ തിരിച്ചെത്തി. തന്റെ സഹായിയെ വീണ്ടും കാണാൻ കഴിഞ്ഞതിൽ അർബാബിനു അതിയായ സന്തോഷം തോന്നി.

കുറച്ച് ദിവസം ഭാസ്‌ക്കരേട്ടൻ അറബിയോടൊപ്പം നിൽക്കും. അറബിക്കാണെങ്കിൽ ആ ദിവസങ്ങൾ ഉത്സവനാളുകളായിരുന്നു. പിന്നെ നാട്ടിലേക്ക് മടക്കം. കൊറോണയുടെ കയറ്റഇറക്കങ്ങൾ ഭാസ്‌ക്കരേട്ടന്റെ പോക്ക് വരവ് കാലങ്ങളായി.

കൊറോണ ശാന്തമായി. അങ്ങിനെ മൂന്നാം വട്ടം അറബി ഭാസ്‌ക്കരേട്ടനെ വിളിച്ചു.... ഭാസ്‌ക്കരേട്ടൻ വിളികേട്ടു.

ഒരു സുപ്രഭാതത്തിൽ അയാൾ വീണ്ടും ഷാർജയിൽ വിമാനമിറങ്ങി .

നേരിൽ കണ്ടു... ഒരുപാട് സംസാരിച്ചു... വിശേഷങ്ങൾ പാരസ്പ്പരം ചോദിച്ചറിഞ്ഞു. ഒന്നിച്ച് നിസ്‌ക്കരിച്ചു.... മനസ്സിന് ഐക്യമുള്ളവരുടെ പുന:സ്സമാഗമം.

സന്തോഷത്തിന്റെ ദിവസങ്ങൾ കടന്ന് പൊയ്ക്കൊണ്ടിരുന്നു...

ഭാസ്‌ക്കരേട്ടൻ തന്റെ കുടുംബത്തിന്റെ ഒരു ഭാഗമാണെന്ന് ഇതിനകം പലരോടും അർബാബ് പറയുന്നത് അയാൾ തന്നെ കേട്ടിട്ടിട്ടുണ്ടായിരുന്നു. അത് ഒരു വെറും വാക്ക് ആയിരുന്നില്ല.

ഭാസ്ക്കരാ... നീ ഇനി വേഗം പോണ്ട. എനിക്കിനി അധികകാലം ഉണ്ടെന്ന് തോന്നുന്നില്ല. ഞാൻ ഭൂമിയിൽ നിന്നുപോയാലും നീ ഇവിടെത്തന്നെ വേണം...

അങ്ങിനെയൊന്നും പറയാതെ അർബാബ്... ഭാസ്‌ക്കരേട്ടൻ സങ്കടപ്പെട്ടുകൊണ്ട് അദ്ദേഹത്തെ സ്നേഹപൂർവ്വം വിലക്കി.

എന്തായാലും നീ ഒന്നുകൂടി വീട്ടിൽപോയി എല്ലാം ഏർപ്പാടാക്കി വന്നോളൂ... 

അങ്ങിനെ ഭാസ്‌ക്കരേട്ടന് നാട്ടിലേക്ക് പോകേണ്ട ദിവസം വന്നെത്തി. വിലയേറിയ ഈത്തപ്പഴം, അണ്ടിപ്പരിപ്പ്, ബദാം, പിസ്ത എന്നുവേണ്ട ഒട്ടനവധി സാധനങ്ങൾ അർബാബ് തന്നെ തന്റെ സേവകനായി പെട്ടിയിൽ ഒരുക്കിക്കിവെച്ചുകൊടുത്തു.

ഒരുപക്ഷെ, ദൈവത്തിനുപോലും അശ്ചര്യം തോന്നിപ്പോകുന്ന നിമിഷങ്ങൾ...

രണ്ടുപേരും ഒരുമിച്ചിരുന്ന് ദൈവത്തിന് പ്രാർത്ഥനകൾ അർപ്പിച്ചു. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. ഒരുമിച്ചിരുന്ന് ഒരുപാടൊരുപാട് സംസാരിച്ചു...

ഇനിയെന്ന് കാണും?...പരസ്പ്പരം ചോദിച്ച ആ ചോദ്യങ്ങൾക്ക് നീണ്ട മൗനമായിരുന്നു ഉത്തരം...

എങ്കിലും ഭാസ്‌ക്കരേട്ടൻ പറഞ്ഞു. ഞാൻ വരാം... എന്റെ സാന്നിധ്യം ഇവിടെ ഉണ്ടാകണമെന്ന് ആഗ്രഹിച്ചാൽ ഞാൻ ഉടനേ പറന്നെത്തിക്കൊള്ളാം... ഇതെന്റെ വാക്കാണ്. പടച്ചോനെ മറക്കാത്തപോലെ നിങ്ങളെയും എനിക്ക് മറക്കാൻ ആവൂലാ അർബാബ്...

വീണ്ടും നിശ്ശബ്ദത...

ഞാൻ ഒന്നുകൂടി പ്രാർത്ഥിക്കട്ടെ...
ഭാസ്‌കരേട്ടൻ വീണ്ടും പ്രാർത്ഥനാമുറിയിൽ കയറി.... അർബാബ് കണ്ണുകൾ പൂട്ടി പുറത്തിരുന്നു....

സമയം കടന്നുപൊയ്ക്കൊണ്ടിരുന്നു ഭാസ്‌ക്കരേട്ടനെ പുറത്തേക്ക് കാണുന്നില്ല!...

ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് അർബാബ് അകത്തേക്ക് നടന്നു...

തികഞ്ഞ നിശ്ശബ്ദത. വാതിൽ തിരശീല മെല്ലെനീക്കി അയാൾ അകത്തേക്ക് നോക്കി...

അള്ളാ...

ഭാസ്‌ക്കരേട്ടൻ തറയിൽ വിരിച്ച കമ്പളത്തിൽ വീണുകിടക്കുന്നു.

പണിതീർക്കാൻ കഴിയാതെപോയ സ്നേഹഗോപുരം പ്രാർത്ഥനകളോടെ ചരിഞ്ഞു വീണിരുന്നു...

അൽഹംദുലില്ലാഹ്...

ഇപ്പോൾ ഞാനും ഭാസ്‌ക്കരേട്ടന്റെ ചേതനയറ്റ ശരീരവും വിമാനത്തിന്റെ ആകാശവേഗങ്ങളിലേക്ക് കാതോർത്തു നിൽക്കുന്നു...

ഭാസ്‌ക്കരേട്ടാ... എല്ലാ മനുഷ്യർക്കും താങ്കളൊരു പാഠമാണ്... സ്നേഹപാഠം... കൊടുത്താൽ ദേശാഭാഷാവ്യത്യാസം കൂടാതെ ആരിൽ നിന്നും നമുക്ക് നേടിയെടുക്കാൻ കഴിയുന്ന സ്നേഹപാഠം...

സ്നേഹം... അത് കൊടുക്കുംതോറും വർദ്ധിക്കും... നമുക്കും ഇനിയുള്ള കാലം സ്നേഹിച്ചു വളരാം.. ലോകത്തിന് തണലേകാം

Ashraf thamarassery

إرسال تعليق

0 تعليقات