banner

മദ്യം ലാഭത്തിൽ നല്‍കാമെന്ന് വാഗ്ദാനം; മുപ്പത്തിയഞ്ച് ലിറ്റ‌ര്‍ വ്യാജമദ്യവുമായി ബെവ്കോ ജീവനക്കാരനടക്കം നാല് പേര്‍ അറസ്റ്റിൽ

ഇടുക്കി : പൂപ്പാറയില്‍ 35 ലിറ്റ‌ര്‍ വ്യാജമദ്യവുമായി ബെവ്കോ ജീവനക്കാരന്‍ അടക്കം നാലു പേര്‍ പിടിയില്‍.

ബെവ്കോ ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി ബിനു, സുഹൃത്ത് തിരുവനന്തപുരം സ്വദേശി ബിജു, ഇടുക്കി കഞ്ഞിക്കുഴി സ്വദേശി വിനു മാത്യു, മകന്‍ എബിന്‍ എന്നിവരാണ് ശാന്തന്‍പാറ പൊലീസിന്റെ പിടിയിലായത്.

ചില്ലറ വില്‍പ്പനക്കാര്‍ക്ക് ബെവ്കോ ഔട്ട്‌ലെറ്റില്‍ നിന്നുമുള്ളതെന്ന് തെറ്റിദ്ധരിപ്പിച്ച്‌ വ്യാജമദ്യമെത്തിച്ചു നല്‍കുന്ന സംഘമാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി. ബെവ്കോ ജീവനക്കാരനായ ബിനുവായിരുന്നു ഔട്ട്‌ലെറ്റിലെ മദ്യം കുറഞ്ഞ വിലയില്‍ എത്തിക്കാമെന്ന പേരില്‍ വിശ്വാസ്യത നേടി വ്യാജമദ്യം വിറ്റിരുന്നത്.

ഇവര്‍ ചില്ലറ വില്‍പ്പന നടത്തുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്കടക്കം വില്‍ക്കാനായി എത്തിച്ച എം സി മദ്യത്തിന്റെയും സര്‍ക്കാരിന്റെയും വ്യാജസ്റ്റിക്കര്‍ പതിപ്പിച്ച കുപ്പികളാണ് പൊലീസ് പിടികൂടിയത്. ബെവ്കോ ജീവനക്കാര്‍ നല്‍കിയ രഹസ്യവിവരപ്രകാരം ബിനു കുറച്ചുദിവസങ്ങളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

ഔട്ട്‌ലെറ്റിലെത്തുന്നവരോട് 440 രൂപയുടെ മദ്യം 300 രൂപ വരെ വിലക്കിഴിവില്‍ എത്തിച്ച്‌ നല്‍കാമെന്ന് ബിനു കരാറുറപ്പിച്ചത് ജീവനക്കാരില്‍ ചിലര്‍ അറിഞ്ഞിരുന്നു. ഇവര്‍ ബിവറേജസിലെയും പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരെയും വിവരമറിയച്ചതോടെയാണ് തട്ടിപ്പിന് പിടിവീണത്.

പ്രതികള്‍ എറണാകുളത്ത് നിന്നാണ് വ്യാജമദ്യം എത്തിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഏഴ് മാസം മുന്‍പാണ് തിരുവനന്തപുരം സ്വദേശിയായ ബിനു സ്ഥലം മാറി ഇടുക്കി പൂപ്പാറയിലെ ഔട്ട്ലെറ്റിലെത്തുന്നത്.

إرسال تعليق

0 تعليقات