banner

ആദിവാസി യുവാവ് തൂങ്ങി മരിച്ച സംഭവം: മോഷണം കുറ്റം ആരോപിച്ച് സമർദ്ദത്തിലാക്കി; ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

വയനാട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ മോഷണം നടത്തിയെന്ന ആരോപണം നേരിട്ട ആദിവാസി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മെഡിക്കൽ കോളേജ് പോലീസ് അസിസ്റ്റന്റ് കമ്മീഷണറും മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. കേസ് ഫെബ്രുവരി 21 ന് പരിഗണിക്കും.

വയനാട് കൽപ്പറ്റ സ്വദേശി വിശ്വനാഥനാണ് കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് തൂങ്ങി മരിച്ചത്. ഭാര്യയുടെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയപ്പോള്‍ വിശ്വനാഥനെ മോഷണക്കുറ്റം ആരോപിച്ച് ശാരീരികമായും, മാനസികമായും ചിലര്‍ പീഡിപ്പിച്ചുവെന്ന് കുടുംബം ആരോപിക്കുന്നു. ഇതേ തുടര്‍ന്നാണ് വിശ്വനാഥന്‍ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.

ആശുപത്രിയിൽ നിന്ന് വിശ്വനാഥൻ പണവും മൊബൈൽ ഫോണും മോഷ്ടിച്ചെന്ന് ആരോപിച്ചാണ് സുരക്ഷാ ജീവനക്കാരും മറ്റ് ചിലരും ചേര്‍ന്ന് മര്‍ദിച്ചതെന്നാണ് ആരോപണം. തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞിട്ടും വിശ്വനാഥനെ ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്തെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. ഇതിന് പിന്നാലെ വിശ്വനാഥനെ കാണാതായി. പിന്നീടാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

إرسال تعليق

0 تعليقات