banner

ബ്യൂട്ടി പാര്‍ലറിനുള്ളിൽ അനാശാസ്യപ്രവര്‍ത്തനം; ഉടമ ഒളിവിൽ, അന്വേഷണം വിരൽ ചൂണ്ടുന്നത് ഉന്നതരിലേക്ക്!

തൊടുപുഴ : അനധികൃത മസാജിംഗ് പാര്‍ലറിന്റെ മറവില്‍ അനാശാസ്യപ്രവര്‍ത്തനം നടത്തിയ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കാന്‍ പൊലീസ്. പാര്‍ലര്‍ ഉടമ കോട്ടയം കാണക്കാരി സ്വദേശി തേക്കിലക്കാട്ട് ടി.കെ.സന്തോഷിനെ ഇനിയും പിടികൂടാനായിട്ടില്ല.അതിനായുള്ള ശ്രമത്തിലാണ് പൊലീസ്.

നഗരത്തിന് തൊട്ടടുത്ത് ഇത്തരമൊരു കേന്ദ്രം നടത്താന്‍ ഉന്നതരുടെ സഹായം കിട്ടിയോ എന്ന് പൊലീസിന് സംശയമുണ്ട്. സന്തോഷിനെ പിടികൂടിയാലേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. സന്തോഷ് ആണ് ഒന്നാം പ്രതി. ഇയാളുടെ അറിവോടെയാണ് ഇവിടെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്ക് മറ്റ് ജില്ലകളിലും ഇത്തരം കേന്ദ്രങ്ങളുണ്ടെന്നും സംശയമുണ്ട്

ഇന്നലെ ഉച്ചയോടെ തൊടുപുഴ നഗരത്തില്‍ പുതിയ കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിന് സമീപത്തെ സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ലാവ ബ്യൂട്ടി പാര്‍ലറിലാണ് ഡിവൈ.എസ്.പി എം.ആര്‍. മധുബാബുവിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.

ഇന്നലെ പാര്‍ലര്‍ പരിശോധിച്ച പൊലീസ് സ്ത്രീകളടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തു. മസാജിംഗ് പാര്‍ലറിലെ ജോലിക്കാരായ വയനാട്, തിരുവനന്തപുരം സ്വദേശികളായ യുവതികളെയും മസാജിംഗിനെത്തിയ മുട്ടം സ്വദേശികളായ യുവാക്കളെയും സ്ഥാപനത്തിലെ ശുചീകരണ തൊഴിലാളിയായ ആലപ്പുഴക്കാരനേയുമാണ് അറസ്റ്റ് ചെയ്തത്.

ബ്യൂട്ടിപാര്‍ലറിന് മാത്രമുള്ള ലൈസന്‍സിന്റെ മറവിലാണ് അനധികൃതമായി മസാജിംഗ് സെന്ററായി സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ കൂടുതല്‍ യുവതികള്‍ ജോലി ചെയ്തിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. സ്ഥാപനത്തില്‍ നിന്ന് 42,000 രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ലാവാ ബ്യൂട്ടിപാര്‍ലറിനെ കുറിച്ച്‌ രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്.

ഒളിവില്‍ പോയ ഉടമ സന്തോഷ് കുമാറിന് ഇത്തരത്തില്‍ നിരവധി സ്ഥാപനങ്ങളുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപിക്കുമെന്ന് തൊടുപുഴ പൊലീസ് അറിയിച്ചു. അറസ്റ്റിലായ അഞ്ചുപേരെയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

إرسال تعليق

0 تعليقات