കോഴിക്കോട് : അരിക്കൊമ്പനെ സ്വീകരിക്കാൻ പൂജ നടത്തിയത് വിവാദമാക്കേണ്ടതില്ലെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. ഓരോ നാട്ടിലും ഓരോ സമ്പ്രദായമുണ്ട്. അതൊന്നും ചർച്ചയാക്കേണ്ട ആവശ്യമില്ല. അരിക്കൊമ്പന്റെ ആരോഗ്യത്തിന് വേണ്ടിയാണ് പൂജ നടത്തിയതെന്നാണ് മനസിലാക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
പെരിയാർ ടൈഗർ റിസർവിന് മുന്നിൽ പൂജ നടത്തിയെന്നത് വിവാദം ആക്കേണ്ട കാര്യമില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു. തേക്കടി മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള ഗേറ്റിലൂടെയാണ് അരിക്കൊമ്പനെ കൊണ്ടുപോയത്. ഗേറ്റിനു മുന്നിൽ പൂജാകർമങ്ങളോടെ അരിക്കൊമ്പനെ വരവേറ്റതിലാണ് മന്ത്രിയുടെ പ്രതികരണം.
അരിക്കൊമ്പൻ പൂർണ്ണ ആരോഗ്യവാനാണ്. കൃത്യമായ നിരീക്ഷണം തുടരും. ആന ഇപ്പൊൾ പെരിയാർ സങ്കേതത്തിലാണ്. ജനവാസ കേന്ദ്രത്തിൽ നിന്ന് 25 കിലോമീറ്റർ അകത്താണ് ആനയുള്ളത്. ചിന്നക്കനാൽ ഭാഗത്ത് ആനക്കൂട്ടം ഉണ്ട്. മൂന്നാർ ഡിഎഫ്ഒയോട് നിരീക്ഷിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം, അരിക്കൊമ്പൻ ദൗത്യം പൂർണ വിജയമെന്ന് ദൗത്യത്തിന് നേതൃത്വം വഹിച്ച ഡോക്ടർ അരുൺ സക്കറിയ പറഞ്ഞു. പുലർച്ചെ 5.15 ഓടെയാണ് ആനയെ ഉൾക്കാട്ടിൽ തുറന്നു വിട്ടത്. തുറന്നു വിടുന്നതിന് മുമ്പ് ചികിത്സ നൽകി. നിലവിൽ ആനയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോ. അരുൺ സക്കറിയ പറഞ്ഞു.
0 تعليقات