തിരുവനന്തപുരം : വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ പിആര്‍ഡി പരസ്യത്തില്‍ നിന്ന് സികെ ആശ എംഎല്‍എയെ ഒഴിവാക്കിയെന്ന കോട്ടയം ജില്ലാ കമ്മിറ്റിയുടെ വാദങ്ങള്‍ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സികെ ആശയെ പരസ്യത്തില്‍ നിന്ന് ഒഴിവാക്കിയതില്‍ ജില്ലാ കമ്മിറ്റിക്ക് പരാതിയുള്ളതായി അറിയില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.
ആശയ്ക്ക് പരിഗണന ലഭിച്ചില്ലെന്ന വാദം തെറ്റാണ്. പ്രചരിക്കുന്നത് തെറ്റായ വാദങ്ങളാണെന്നും വിഷയത്തില്‍ പാര്‍ട്ടിക്ക് പരിഭവമില്ലെന്നും കാനം വ്യക്തമാക്കി. സി കെ ആശ എംഎൽഎയുടെ പേര് പത്ര പരസ്യത്തിൽ ഒഴിവാക്കിയതാണ് അണികളെ ചൊടിപ്പിച്ചത്. പട്ടികജാതി വിഭാഗത്തിൽപെട്ട എംഎൽഎയെ അവഗണിച്ചുയെന്ന് പ്രതിഷേധ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. പിആർഡി നടപടിയിൽ സിപിഐ ജില്ല നേതൃത്വവുംശക്തമായ അതൃപ്തി രേഖപ്പെടുത്തി.
വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷ പരസ്യത്തില്‍ നിന്നും സി കെ ആശയുടെ ചിത്രം ഒഴിവാക്കിയതിനെതിരെ സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി വി ബി ബിനുവാണ് പരസ്യമായി രംഗത്തെത്തിയത്. പിആര്‍ഡി നല്‍കിയ പരസ്യത്തില്‍ സി കെ ആശ എംഎല്‍എയുടെ പേര് ഉണ്ടാകേണ്ടതായിരുന്നുവെന്നും ഒഴിവാക്കിയതില്‍ സിപിഐക്ക് പരാതിയുണ്ടെന്നും ഇത് സര്‍ക്കാരിനെ അറിയിച്ചുവെന്നുമാണ് ബിനു അറിയിച്ചത്. പിആര്‍ഡി തെറ്റ് തിരുത്തിയേ മതിയാകു. ആര് വകുപ്പ് കൈകാര്യം ചെയ്യുന്നുവെന്നതല്ല, തെറ്റ് ഉണ്ടെങ്കില്‍ തിരുത്തണമെന്നതാകണം നിലപാടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, വൈക്കം ശതാബ്ദി ആഘോഷവേദിയിൽ അവഗണിച്ചെന്ന വാർത്ത അവാസ്തവമാണെന്ന് സി.കെ ആശ എം.എൽ.എ പറഞ്ഞു. അർഹമായ പ്രാതിനിധ്യമാണ് എംഎൽഎ എന്ന നിലയിൽ ലഭിച്ചത്. പിആർഡി പരസ്യത്തിൽ തന്റെ പേര് ഉൾപ്പെടുത്തത്ത് ന്യൂനതയാണ് ഇക്കാര്യം സർക്കാർ ശ്രദ്ധിക്കുമെന്നും സി.കെ ആശ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
0 تعليقات