banner

അഞ്ചാലുംമൂട് പ്രാക്കുളത്ത് ക്ഷേത്രോത്സവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ്; കൂടുതൽ പ്രതികൾ ഒളിവിലാണെന്ന് സൂചന



അഞ്ചാലുംമൂട് : പ്രാക്കുളത്ത് മണലിൽ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് സംഘം ചേർന്ന് വീട്ടില്‍ അതിക്രമിച്ച് കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ പ്രതികള്‍ പോലീസ് പിടിയിലായി. പ്രാക്കുളം സ്വദേശി അനി എന്ന വസന്തന്‍(47), കാഞ്ഞാവെളി സ്വദേശി അനന്തു(23) എന്നിവരെയാണ് അഞ്ചാലുംമൂട് പോലീസ് പിടികൂടിയത്. പ്രാക്കുളം കുന്നത്തു പടിഞ്ഞാറ്റതില്‍ ഉല്ലാസിനേയും കുടുംബത്തേയുമാണ് ഇവര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഒളിവിലാണെന്ന് സൂചനയുണ്ട്.

പോലീസ് പറയുന്നതിങ്ങനെ:
ക്ഷേത്രത്തിലെ പള്ളിവേട്ട സമയത്ത് നൃത്തം ചെയ്തുതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. നൃത്തം ചെയ്തതുമായി ബന്ധപ്പെട്ട് ഉല്ലാസിന്‍റെ അനുജനായ ഉണ്ണിയും പ്രതിയായ വസന്തനും തമ്മില്‍ വാക്ക് തര്‍ക്കവും അടിപിടിയും ഉണ്ടായിരുന്നു. ഈ വിരോധത്തില്‍ വസന്തനും മറ്റ് മൂന്ന് പേരും ചേര്‍ന്ന് കഴിഞ്ഞ ഏഴാം തീയതി രാത്രി 10.45 മണിയോടെ ഉല്ലാസിന്‍റെ വീട്ടിലേക്ക് മാരകായുധങ്ങളുമായി അതിക്രമിച്ച് കയറുകയായിരുന്നു. വീടിന്‍റെ വാതില്‍ ചവിട്ടി തകര്‍ത്ത് ഉളളില്‍ കയറിയ പ്രതികള്‍ ചീത്ത വിളിച്ചുകൊണ്ട് ഉല്ലാസിന്‍റെ ജ്യേഷ്ഠസഹോദരനായ ഉദയകുമാറിനെ കഴുത്തിന് വെട്ടിയും തടയാന്‍ ശ്രമിച്ച ഉല്ലാസിനെ കമ്പി വടികൊണ്ട് മാരകമായി മര്‍ദ്ദിച്ചും പരിക്കേല്‍പ്പിച്ചതായും പോലീസ് പറയുന്നു.

ഉല്ലാസിന്‍റെ മാതാവിനേയും പ്രതികള്‍ അക്രമിക്കാന്‍ ശ്രമിച്ചു. വീടിന്‍റെ ചനല്‍ ചില്ലുകളും കസേരകളും മറ്റും അടിച്ച് തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കടന്ന് കളഞ്ഞ പ്രതികളെ പിന്നീട് ഉല്ലാസിന്‍റെ പരാതിയില്‍ വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നെന്ന് പോലീസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. അഞ്ചാലൂംമൂട് ഇന്‍സ്പെക്ടര്‍ ധര്‍മ്മജിത്തിന്‍റെ നേതൃത്വത്തില്‍ എസ്ഐ മാരായ ജയശങ്കര്‍, ഗിരീഷ്, പ്രദീപ്, ആന്‍റണി എ.എസ്.ഐ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

إرسال تعليق

0 تعليقات