banner

ഭാര്യയുടെ വാട്സാപ്പിലേക്ക് സ്ഥിരമായി സന്ദേശങ്ങൾ!, ഭര്‍ത്താവും യുവതിയുടെ സഹോദരനും സുഹൃത്തുക്കളും അടങ്ങുന്ന സംഘം പട്ടാപകൽ യുവാവിനെ തട്ടിക്കൊണ്ട് പോയി, യുവാവിനെ തിരക്കിയെത്തിയ പിതാവിനെതിരെയും ആക്രമണം, നാലാൾ പിടിയിൽ


സ്വന്തം ലേഖകൻ
കാസര്‍കോട് : കാറിലെത്തിയ സംഘം കാസര്‍കോട് നഗരത്തിലെ കടയില്‍ നിന്ന് പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി. യുവാവിനെ തേടിയെത്തിയ സംഘം പിതാവിനെയും ആക്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ കാസര്‍കോട് ടൗണ്‍ പൊലീസ് നാലു പേരെ അറസ്റ്റു ചെയ്തു.

കൊല്ലമ്ബാടിയിലെ എ. ഷാനവാസ് (38), തളങ്കര ബാങ്കോട് മലബാര്‍ ഹൗസിലെ എ.എം അബ്ദുല്‍ മനാഫ് (21), അണങ്കൂരിലെ എ.എ മുഹമ്മദ് റിയാസ് (34), അണങ്കൂര്‍ ടി.വി സ്റ്റേഷൻ റോഡിലെ കെ.എസ് മുഹമ്മദ് റിയാസ് (25) എന്നിവരെയാണ് കാസര്‍കോട് സി.ഐ പി. അജിത് കുമാര്‍, എസ്.ഐ ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസ് പറയുന്നത് ഇങ്ങനെ. ചക്കരബസാറിലെ മൊബൈല്‍ കടയില്‍ ഇരിക്കുകയായിരുന്ന മുട്ടത്തൊടി മിനി സ്റ്റേഡിയത്തിന് സമീപത്തെ സംമ്ല മൻസില്‍ സവാദി (25)നെയാണ് സ്വിഫ്റ്റ് കാറിലെത്തിയ സംഘം ബലമായി പിടിച്ച്‌ കാറില്‍ കയറ്റിക്കൊണ്ടുപോയത്. ഇതുതടയാൻ ശ്രമിച്ച സവാദിന്റെ പിതാവ് എ.എം. അബൂബക്കറി(67)നെ തടഞ്ഞുനിര്‍ത്തി അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു.

ഭാര്യയുടെ മൊബൈലിലെ വാട്സാപ്പില്‍ സ്ഥിരമായി ചാറ്റ് ചെയ്യുന്നു എന്ന് ആരോപിച്ച്‌ ഭര്‍ത്താവും യുവതിയുടെ സഹോദരനും സുഹൃത്തുക്കളായ രണ്ടു പേരും ചേര്‍ന്നാണ് തട്ടിക്കൊണ്ടു പോയത്. കാറില്‍ കയറ്റിയ യുവാവിനെ തളങ്കര ഹാര്‍ബറിലും അണങ്കൂര്‍ കെ.വി.ആര്‍ കാര്‍ ഷോറൂമിന് പിറകിലെ ഗ്രൗണ്ടിലും കൊണ്ടുപോയാണ് ആക്രമിച്ചത്. യുവാവിന്റെ ദേഹമാസകലം അടിയേറ്റ പരിക്കുകളുണ്ട്.

വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പൊലീസ് അണങ്കൂറില്‍ എത്തിയാണ് പ്രതികളെ പിടികൂടിയത്. പിതാവ് അബൂബക്കറിന്റെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

إرسال تعليق

0 تعليقات