പത്തനംതിട്ട : വനം വകുപ്പ് കുളത്തുപ്പുഴ റേഞ്ചില്‍ ഉള്‍പ്പെടുന്ന ഡാലി മാത്രകരിക്കം ഭാഗത്ത് താഴ്ന്ന വൈദ്യുതി ലൈനിൽ തുമ്പിക്കൈ കുരുങ്ങി കാട്ടാന ചരിഞ്ഞു. കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെയാണ് സംഭവം.
ജനവാസ മേഖലയില്‍ ഇറങ്ങിയ ആന റബര്‍ മരങ്ങള്‍ അടക്കം കൃഷി വിളകള്‍ നശിപ്പിച്ചിരുന്നു. ഇതിനിടെ മരം വീണു താഴ്ന്നു കിടന്ന വൈദുതിലൈനില്‍ തുമ്ബിക്കൈ കുരുങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കെ.എസ്‌ഇബി അധികൃതരും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.
പന്ത്രണ്ടു വയസോളം വരുന്ന കൊമ്പനാണ് ചരിഞ്ഞത്. തിരുവനന്തപുരം ഡിഎഫ്‌ഒ പ്രദീപ്‌കുമാര്‍, കുളത്തുപ്പുഴ റേഞ്ച് ഓഫീസര്‍ അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ച മൃതദേഹം വനംവകുപ്പ് വെറ്റിനറി സര്‍ജന്‍റെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മറവ് ചെയ്തു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുവെന്ന് ഡിഎഫ്‌ഒ പ്രദീപ്കുമാര്‍ പറഞ്ഞു. അതേസമയം തുടര്‍ച്ചയായി ആന ഇറങ്ങുന്നതില്‍ വലിയ ഭീഷണിയാണ് നേരിട്ടിരുന്നതെന്നും കുട്ടികളെ സ്കൂളിലേക്ക് അയക്കാന്‍ പോലും കഴിയുന്നില്ലന്നും നാട്ടുകാര്‍ വെളിപ്പെടുത്തി. പ്രദേശത്ത് സര്‍ക്കാര്‍ നടപ്പിലാക്കുന്ന സ്വയം സന്നദ്ധ ഒഴിഞ്ഞുപോകല്‍ നടപടികള്‍ വൈകുന്നതിലും നാട്ടുകാരില്‍ പ്രതിഷേധം ഉയരുന്നുണ്ട്.
0 تعليقات