സ്വന്തം ലേഖകൻ
പ്രിയാമണി ഇപ്പോൾ കൈനിറയെ അവസരങ്ങളുമായി തിരക്കിലാണ്. ഷാരൂഖ് ഖാൻ നായകനായ ജവാനാണ് പ്രിയാമണിയുടെ ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം. ശ്രദ്ധേയ പ്രകടനത്തിലൂടെ കയ്യടി വാങ്ങുകയാണ് താരം.
അതിനിടെ വെള്ളിത്തിരയിൽ ഇരുപത് വർഷം പൂർത്തിയാക്കിയിരിക്കുകയാണ് പ്രിയാമണി. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരമടക്കം സ്വന്തമാക്കിയിട്ടുള്ള പ്രിയ ഫാമിലിമാൻ എന്ന വെബ് സീരീസിലൂടെ ഓടിടിയിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്.
വിവാഹം കഴിഞ്ഞെങ്കിലും മറ്റു നടിമാരെ പോലെ സിനിമ ഉപേക്ഷിക്കാതെ സജീവമായി തുടരുകയാണ്. സിനിമാ പാരമ്പര്യമൊന്നുമില്ലാതെയാണ് പ്രിയ സിനിമയിലേക്ക് കടന്നുവന്നത്. എന്നാൽ ഇന്ന് ഇന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന ഒരു നായികയുടെ ബന്ധുവാണ് പ്രിയാമണി.
ബോളിവുഡിലെ താരറാണിയായ വിദ്യ ബാലന്റെ കസിനാണ് താരം. എന്നാൽ ഇവരുടെ ബന്ധത്തെ കുറിച്ച് അധികമാർക്കും അറിയില്ല. വിദ്യ ബോളിവുഡിൽ ഒരിടം കണ്ടെത്തിയ ശേഷമാണ് പ്രിയാമണി ബോളിവുഡിലേക്ക് ചുവടുവയ്ക്കുന്നത്. എന്നാൽ ഒരിക്കൽ പോലും വിദ്യയുടെ സ്വാധീനം ആ ഇൻഡസ്ട്രിയിലേക്ക് വരുന്നതിനോ അവസരങ്ങൾ ലഭിക്കുന്നതിനോ ഉപയോഗിച്ചിട്ടില്ലെന്ന് പറയുകയാണ് പ്രിയാമണി. അത് താൻ ഒരിക്കലും ചെയ്യില്ലെന്നും പ്രിയാമണി പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്സ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രിയ ഇക്കാര്യം പറഞ്ഞത്.
'ഇതുവരെ ഞാൻ അവരുടെ ഇൻഫ്‌ളുവൻസ് ഉപയോഗിച്ചിട്ടില്ല. അങ്ങനെ ആരുടെയെങ്കിലും ഇൻഫ്‌ലുവെൻസ് ഉപയോഗിക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല. ഇതുവരെ ഞാൻ ചെയ്തതും പിടിച്ചു നിന്നതുമെല്ലാം എന്റെ കഴിവ് കൊണ്ടു തന്നെയാണ്. ഞാൻ എന്റെ സ്വന്തം കാലിൽ മാത്രമേ നിൽക്കൂ',
'എന്റെ കഠിനാധ്വാനവും ഉത്സാഹവും കൊണ്ട് മാത്രമാണ് ഞാൻ ഇപ്പോഴും ഇങ്ങനെ നിൽക്കുന്നത്. ഞാൻ ആരുടേയും സഹായം ചോദിച്ചിട്ടില്ല. എനിക്ക് ഇൻഡസ്ട്രിയിൽ ഗോഡ്ഫാദർമാരില്ല. ആരുടേയും ഇൻഫ്‌ലുവെൻസ് ഉപയോഗിക്കാറില്ല, ഉപയോഗിച്ചിട്ടുമില്ല. ഇനി ഉപയോഗിക്കുമെന്ന് കരുതുന്നുമില്ല', പ്രിയാമണി പറഞ്ഞു.
അതേസമയം, വ്യത്യസ്ത സന്ദർഭങ്ങളിലായി ഇരുവരും തങ്ങൾ തമ്മിലുള്ള ബന്ധത്തെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. 'ഞങ്ങൾ സെക്കന്റ് കസിൻസാണ്. എന്നാൽ വ്യക്തിപരമായി ബന്ധമില്ല. അവളുടെ അച്ഛനുമായി നല്ല ബന്ധമുണ്ട്. ഞാൻ മുംബൈയിൽ വരുമ്പോഴെല്ലാം അദ്ദേഹത്തെ വിളിക്കാറുണ്ട്. ഒരിക്കൽ വിദ്യയെ കാണണം. കസിൻ ആണെന്നത് രണ്ടാമത്തെ കാര്യമാണ്. നടിയെന്ന നിലയിൽ ഞാൻ അവളിൽ അഭിമാനിക്കുന്നു. അവൾ ചെയ്ത് വച്ചിരിക്കുന്നത് ഗംഭീരമാണ്. അസാധ്യ നടിയാണ്', എന്നാണ് പ്രിയാമണി ഒരിക്കൽ വിദ്യയെക്കുറിച്ച് പറഞ്ഞത്.
'ഞങ്ങൾ ബന്ധുക്കളാണ്. പക്ഷെ ഞങ്ങൾ ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് കണ്ടിട്ടുള്ളത്. ഞങ്ങൾ അകന്ന ബന്ധുക്കളാണ്. ഒരിക്കൽ ഒരു അവാർഡ് വേദിയിൽ വച്ച് കണ്ടിരുന്നു. ഞങ്ങളുടെ കുടുംബങ്ങൾ തമ്മിൽ ബന്ധമില്ല. അവൾ മികച്ചൊരു നടിയാണ്. കരിയറിലും നന്നായി പോകുന്നു. നന്നായി വരട്ടെ' എന്നാണ് വിദ്യ പറഞ്ഞത്.
0 تعليقات