banner

പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി. ശോഭീന്ദ്രൻ അന്തരിച്ചു!, വിട പറഞ്ഞത് പച്ച പാന്റും പച്ച ഷർട്ടും പച്ച തൊപ്പിയുമണിഞ്ഞ് ഏഴര പതിറ്റാണ്ടോളം പ്രകൃതിക്കൊപ്പം അലിഞ്ഞു നടന്നൊരാൾ


സ്വന്തം ലേഖകൻ
കോഴിക്കോട് : പ്രകൃതിയായിരുന്നു പ്രൊഫ ടി. ശോഭീന്ദ്രന്റ ജീവിതം. അതിനോട് നൂറ് ശതമാനം നീതി പുലർത്തിയാണ് ഈ പച്ച മനുഷ്യന്റ മടക്കം. പ്രകൃതിക്ക് ഇണങ്ങാത്തതൊന്നും ശോഭീന്ദ്രന്റ ജീവിതത്തിലുണ്ടായിരുന്നില്ല. ഉടുത്തിരുന്ന വസ്ത്രം പോലും.

പച്ച പാന്റും പച്ച ഷർട്ടും പച്ച തൊപ്പിയുമണിഞ്ഞ് ഏഴര പതിറ്റാണ്ടോളം പ്രകൃതിക്കൊപ്പം അലിഞ്ഞു നടന്നൊരാൾ. ബംഗളൂരുവിലെ ആർട്ട്സ് ആൻഡ് സയൻസ് കോളജിൽ അധ്യാപകനായാണ് ഔദ്യോഗിക ജീവിതത്തിന്റ തുടക്കം.

മൂന്നു വർഷത്തിനുശേഷം പഠിച്ച കോഴിക്കോട്ടെ ഗുരുവായൂരപ്പൻ കോളജിൽ തന്നെ പഠിപ്പിക്കാനെത്തി. ഇക്കണോമിക്സായിരുന്നു വിഷയമെങ്കിലും പകർന്നതധികവും പ്രകൃതി പാഠങ്ങളായിരുന്നു. 32 വർഷത്തെ അധ്യാപന ജീവിതം അവസാനിപ്പിച്ച് 2002 ൽ പടിയിറങ്ങിയ ശോഭീന്ദ്രൻ ശിഷ്ടജീവിതം പൂർണമായും പ്രകൃതിക്കായി നീക്കിവച്ചു.

മനുഷ്യ കൂട്ടായ്മകൾ രൂപീകരിച്ച് മരങ്ങൾ വച്ചുപിടിപ്പിച്ച, പ്രകൃതിക്കായി പോരാടിയ ശോഭീന്ദ്രനെ തേടി 2007 ൽ കേന്ദ്രസർക്കാരിന്റ ദേശീയ വൃക്ഷമിത്ര അവാർഡെത്തി. സംസ്ഥാന സർക്കാരിന്റ വനമിത്ര അവാർഡ് ഉൾപ്പടെ വേറെയും നിരവധി പുരസ്കാരങ്ങൾ. 1986 ൽ ജോൺ ഏബ്രഹാം സിനിമയിൽ അഭിനയിച്ച ശോഭീന്ദ്രൻ പിൽക്കാലത്ത് മോട്ടോർ സൈക്കിൾ ഡയറീസ് ജോണിനൊപ്പം എന്ന പുസ്തകത്തിലൂടെ ആ ചലച്ചിത്ര പ്രതിഭയുടെ വേറിട്ട ജീവിതം വരച്ചിട്ടു.

ഷട്ടർ അരക്കിറുക്കൻ കൂറ എന്നീ സിനിമകളിലും മാഷ് അഭിനയിച്ചു . പ്രകൃതിക്കായി നിർത്താതെ പെയ്ത ആ മഴ തോർന്നൊഴിയുകയാണ്. തോരാത്ത മരച്ചില്ലകളിലെ ഒരോ മഴത്തുള്ളികളിലും മാഷിന്റ ഓർമകളുണ്ടാകുമെന്നുറപ്പ്.

إرسال تعليق

0 تعليقات