banner

അഞ്ചാലുംമൂട്ടിൽ പത്രമാധ്യമങ്ങളുടെ മാലിന്യം റോഡരികിൽ!, പ്രമുഖ പത്രങ്ങളുടെ ഏജന്റുമാർക്കായുള്ള കെട്ടുകളിലെ പ്ലാസ്റ്റിക് മാലിന്യം റോഡരികിൽ ഉപേക്ഷിക്കുന്നത് പതിവ് കാഴ്ചയാകുന്നു, പരാതി പറഞ്ഞു മടുത്തെന്ന് വ്യാപാരികൾ


പ്രത്യേക ലേഖകൻ 
അഞ്ചാലുംമൂട് : കൊല്ലം കോർപ്പറേഷന് കീഴിലെ അഞ്ചാലുംമൂട് ഡിവിഷൻ ജില്ലയിലെ പ്രധാനപ്പെട്ട നഗരങ്ങളിൽ ഒന്നാണ്. ഇവിടെ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ ഹരിത കർമ്മ സേന ഉണ്ടായിരിക്കെയാണ് പ്രമുഖ പത്രങ്ങളുടെ ഏജൻ്റുമാർക്ക് വിതരണം ചെയ്യാനായി കൊണ്ടുവരുന്ന പത്രക്കെട്ടുകളുടെ പ്ലാസ്റ്റിക് മാലിന്യം പത്രം എടുത്തതിനുശേഷം റോഡരികിൽ ഉപേക്ഷിക്കുന്നത് പതിവ് കാഴ്ചയാകുന്നത്. ഇത് സംബന്ധിച്ച് നിരവധി പരാതികൾ നൽകിയെങ്കിലും ശാശ്വതമായ നടപടിയെടുക്കാൻ ആർക്കും കഴിഞ്ഞില്ലെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തുന്നു. പത്ര ഉടമകളോ ലേഖകന്മാരോ അല്ല കുറ്റക്കാരെന്നും ശരിയാംവിധം വൃത്തിയാക്കാതെ പോകുന്നത് ഏജൻ്റുമാരാണെന്നും വ്യാപാരികൾ പറയുന്നു.

അഞ്ചാലുംമൂട് ജംങ്ഷനിൽ പ്രവർത്തിക്കുന്ന സൗന്ദര്യ ലേഡീസ് കോർണർ, ശീതൾ ബേക്കറി , കരുവ സ്റ്റോർ ഇവയ്ക്ക് മുന്നിലായിട്ടാണ് ഏജൻസികൾ പത്രകെട്ടുകൾ പൊതിഞ്ഞ് വരുന്ന പ്ലാസ്റ്റിക് പേപ്പറും പ്ലാസ്റ്റിക് വള്ളിയും ഉപേക്ഷിക്കുന്നത്. കാൽനട യാത്രക്കാരും വിദ്യാർത്ഥികളും പ്ലാസ്റ്റിക് വള്ളിയിൽ തട്ടി മറിഞ്ഞു വീണ് അപകടം സംഭവിക്കുന്നത് സ്ഥിരം കാഴ്ചയാണ്. പ്രമുഖ മലയാളം പത്രങ്ങൾ തുടങ്ങി ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുന്ന ദേശീയ മാധ്യമങ്ങളുടെ മാലിന്യം ഇവിടെത്തന്നെയാണ് നിക്ഷേപിക്കുന്നത്. കഴിഞ്ഞമാസം ഇതു സംബന്ധിച്ച പരാതി ഉയർന്നപ്പോൾ കോർപ്പറേഷനിലെ അധികൃതർക്ക് ഈ വിവരം കൈമാറുകയും തുടർന്ന് ഏറെ നാളായി ഈ ദുശ്ശീലം ഏജൻ്റുമാർ നിർത്തിവെക്കുകയും ചെയ്തതായിരുന്നു. പിന്നാലെ ഇപ്പോൾ വീണ്ടും സ്ഥിതി പഴയതുപോലെയാകുന്നുവെന്ന് വ്യാപാരികൾ പറയുന്നു.

إرسال تعليق

0 تعليقات