സ്വന്തം ലേഖകൻ
അമ്മയുടെ മുഖം നെഞ്ചിൽ പച്ചക്കുത്തി 18 കാരൻ. തിരുവനന്തപുരം നാലാഞ്ചിറ ചെഞ്ചേരി ഗാന്ധിനഗർ ശിവാരവിന്ദത്തിൽ അരവിന്ദ് ശിവയാണ് ഒന്നര മാസം മുൻപ് മരിച്ച അമ്മ നിഷാ റാണിയുടെ ചിത്രം ടാറ്റൂ ചെയ്തിരിക്കുന്നത്.
ചെയ്യാത്ത കുറ്റം ആരോപിക്കപ്പെട്ടതോടെ അഭിമാനത്തിന് ക്ഷതമേറ്റതോടെ സ്വയം മരണം തിരഞ്ഞെടുക്കുകയായിരുന്നു നിഷ. മെഡിക്കൽ കോളേജിലെ ദിവസവേതന ജീവനക്കാരിയായിരുന്ന നിഷ കഴിഞ്ഞ നവംബർ 12-നാണ് ജീവനൊടുക്കിയത്. അന്ന് വീടിനു സമീപത്തെ സ്ത്രീകളുമായി ചേർന്ന് നിഷ തിരുവാതിരകളി അവതരിപ്പിച്ചിരുന്നു. ഇതിന് ഒരുങ്ങാനായി കഴിഞ്ഞ മാസം സമീപത്തുള്ള വീട്ടിൽ പോയി. ആ ദിവസം വീട്ടിലെ കുട്ടിയുടെ സ്വർണമാല കാണാതായി.
വീട്ടുകാരുടെ പരാതിയെത്തുടർന്ന് പോലീസ് നിഷയെ അന്വേഷിച്ച് വീട്ടിലെത്തി. പിന്നീട് പൊതുസ്ഥലത്തുവെച്ചും അപമാനിതയായി. നിരപരാധിയാണെന്ന് പറഞ്ഞിട്ടും പരിഹാസം ഏൽക്കേണ്ടി വന്നതോടെയാണ് നിഷ ആത്മഹത്യചെയ്തതെന്ന് സഹോദരി അപ്സര പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് മണ്ണന്തല പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കേസിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
ഐടിഐ ഒന്നാംവർഷ വിദ്യാർഥിയാണ് അരവിന്ദ്. അച്ഛൻ ശിവകുമാർ ഡ്രൈവറാണ്. സഹോദരൻ ഗോവിന്ദ് ശിവ അഞ്ചാംക്ലാസ് വിദ്യാർഥിയാണ്. ഏഴുമണിക്കൂറെടുത്ത് പൂർത്തിയാക്കിയ ടാറ്റൂ ഇപ്പോൾ അരവിന്ദിന് ജീവിതത്തിലെ ഏറ്റവും വലിയ നിധിയായി കൊണ്ടുനടക്കുകയാണ്.
.jpg)
0 تعليقات