സ്വന്തം ലേഖകൻ
പത്തനംതിട്ട : ശബരിമലയിലെ വിര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ പിഴവ് സംഭവിച്ചെന്ന് പൊലീസ്. അവസാന ദിവസങ്ങളില്‍ പരിധി നിശ്ചയിക്കാതെ വിര്‍ച്ചല്‍ ക്യൂ ബുക്കിങ്ങുകള്‍ സ്വീകരിച്ച ദേവസ്വം ബോര്‍ഡിന്‍റെ നടപടികളില്‍ പോലീസിന് കടുത്ത അതൃപ്തിയുണ്ട്. ഒരു വര്‍ഷം മുൻപു വരെ പൊലീസ് കൈകാര്യം ചെയ്ത വിര്‍ച്ചല്‍ ക്യൂ 2022 മാര്‍ച്ച് മുതലാണ് ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തത്.
കഴിഞ്ഞ വര്‍ഷം മുതലാണ് വിര്‍ച്വല്‍ ക്യൂ നിയന്ത്രണം പൊലീസിന്‍റെ കയ്യില്‍ നിന്നും ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തത്. തുടക്കം മുതലേ ഇതില്‍ ശക്തമായ അതൃപ്തിയും പോലീസ് പ്രകടിപ്പിച്ചു.
അവസാനഘട്ടത്തില്‍ ഇത്രയധികം സ്ലോട്ടുകള്‍ നല്‍കിയ ദേവസ്വം ബോര്‍ഡിന്‍റെ മുൻധാരണയില്ലാത്ത പ്രവര്‍ത്തിയാണ് വീണ്ടും കാര്യങ്ങള്‍ വഷളാക്കിയതെന്നാണ് പൊലീസിന്‍റെ ആരോപണം. പുണ്യം പൂങ്കാവനം അടക്കം പൊലീസ് ശബരിമലയില്‍ നടത്തിയ പല പദ്ധതികളും ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തിരുന്നു.
വിര്‍ച്വല്‍ ക്യൂ വഴി മാത്രമല്ലാതെ സ്പോട്ട് ബുക്ക് ചെയ്തും അനേകം പേരാണ് എത്തുന്നത്. പുല്ലുമേട് കാനനപാത വഴിയും ഏറെപ്പേര്‍ സന്നിധാനത്തേക്കൊഴുകുന്നു. ഇന്നലെ മാത്രം ദര്‍ശനം നടത്തിയവര്‍ 1 ലക്ഷം കടന്നു.
പലയിടത്തും കാത്തിരുന്ന് മലയിലെത്തുന്ന ഭക്തര്‍ക്ക് മണ്ഡലപൂജ കഴിഞ്ഞ് ദര്‍ശനം കിട്ടുമോ എന്നാണ് നിലവിലെ ആശങ്ക. എന്നാല്‍ എല്ലാ ഭക്തര്‍ക്കും ദര്‍ശനം ഉറപ്പാക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്.

0 تعليقات