banner

ഓട്ടോറിക്ഷ ബൈക്കിലിടിച്ച് റോഡിൽ വീണു കിടന്ന 18 കാരൻ മരിച്ചു!, കോളേജ് വിദ്യാർഥിയെ ഇടിച്ച് കടന്നു പോയ ഓട്ടോയ്ക്കായി തിരച്ചിൽ


സ്വന്തം ലേഖകൻ
അടൂർ : എംസി റോഡിൽ ഓട്ടോറിക്ഷ ബൈക്കിൽ ഇടിച്ചതിനെ തുടർന്ന് റോഡിൽ വീണു കിടന്ന ബൈക്കു യാത്രികനായ കോളജ് വിദ്യാർത്ഥി മരിച്ചു. ഇടിച്ചിട്ട ഓട്ടോറിക്ഷ നിർത്താതെ പോയി. അടൂർ പന്നിവിഴ ഗിരീഷ് ഭവനത്തിൽ ഉണ്ണിക്കൃഷ്ണന്റെയും സുനിതയുടെയും മകൻ കെ.യു. കാർത്തിക്കാണ്(നന്ദു,18) മരിച്ചത്. ഇന്നലെ പുലർച്ചെ 12.30ന് എംസി റോഡിൽ നെല്ലിമൂട്ടിൽപടിയിലായിരുന്നു അപകടം.

ഓട്ടോറിക്ഷ നിർത്താതെ പോയതോടെ കാർത്തിക് ഏറെ നേരം വഴിയിൽ കിടന്നു. ബൈക്ക് മറിഞ്ഞ് റോഡിൽ വീണു കിടക്കുന്നത് മറ്റൊരു ബൈക്ക് യാത്രികനാണ് കണ്ടത്. പൊലീസിൽ വിവരമറിയിച്ച ശേഷം ബൈക്ക് യാത്രികൻ കാർത്തിക്കിനെ അതുവഴി വന്ന വാഹനത്തിൽ കയറ്റി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കൈതപ്പറമ്പ് കെവിവി എസ് കോളജിൽ ഡിഗ്രി വിദ്യാർത്ഥിയായിരുന്നു കാർത്തിക്.

ചേന്നമ്പള്ളിലുള്ള ടർഫിൽ കളിക്കാൻ പോയ ശേഷം സുഹൃത്തിനെ മണക്കാലയിൽ വിട്ടിട്ട് തിരികെ വീട്ടിലേക്ക് വരുന്ന സമയത്താണ് അപകടം. സംഭവ സ്ഥലത്തു നിന്ന് ഓട്ടോറിക്ഷയുടെ ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും ഓട്ടോറിക്ഷ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. സംസ്‌കാരം ഇന്ന് 11ന്.

إرسال تعليق

0 تعليقات