banner

അഞ്ചാം ക്ലാസ് വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി!, ഹോസ്റ്റൽ വാർഡൻ അറസ്റ്റിൽ


സ്വന്തം ലേഖകൻ
ഇടുക്കി : തൊടുപുഴയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഹോസ്റ്റൽ വാർഡൻ അറസ്റ്റിൽ. കരുനാഗപ്പള്ളി സ്വദേശി രാജീവിനെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായെന്ന് ഹോസ്റ്റലിലുള്ള അഞ്ച് കുട്ടികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പട്ടികവർഗ വകുപ്പാണ് വാർഡനെതിരെ പൊലീസിൽ പരാതി നൽകിയത്.

സർക്കാർ ഹോസ്റ്റലിനുള്ളിൽ വെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നായിരുന്നു കുട്ടികളുടെ മൊഴി. കൂടുതൽ അന്വേഷണത്തിനായി പൊലീസ് ചൈല്ഡ് വെൽഫയർ കമ്മിറ്റിയുടെ സഹായം തേടും. 

പീഡന വിവരം ആദ്യം കുട്ടികളറിയിക്കുന്നത് ഹോസ്റ്റലിലെത്തിയ പട്ടികവർഗ വകുപ്പുദ്യോഗസ്ഥരെയാണ്. സ്ഥിരീകരിക്കാൻ വകുപ്പ് പ്രത്യേക കൗൺസിലിങ് നടത്തി. ഇതിനുശേഷമാണ് തൊടുപുഴ പൊലീസിൽ പരാതി നൽകുന്നത്.

ഹോസ്റ്റലിലെ അഞ്ചു കുട്ടികളെ ആളില്ലാത്ത സമയത്ത് വാർഡൻ കരുനാഗപ്പള്ളി സ്വദേശി രാജീവ് വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. പൊലീസ് ഹോസ്റ്റലിലെത്തി മാതാപിതാക്കളുടെ സാന്നിധ്യത്തിൽ മൊഴിയെടുത്തു. മെഡിക്കൽ പരിശോധനയിൽ കുട്ടികൾ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായിട്ടുണ്ടെന്ന് വ്യക്തമായി. തൊടുപുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുമ്പാകെ കുട്ടികളുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി. തുടർന്നാണ് വാർഡൻ രാജീവിനെ അറസ്റ്റു ചെയ്യുന്നത്.

ഇയാൾ കൂടുതൽ പേരെ പിഡിപ്പിച്ചിട്ടുണ്ടോയെന്ന സംശയം പൊലീസിനുണ്ട്. ഇതിനായി എല്ലാവരെയും കൗൺസിലിംഗിന് വിധേയമാക്കണം. അതിനായി കേസുമായി ബന്ധപ്പെട്ട മുഴുവൻ റിപ്പോർട്ടും രണ്ടു ദിവസത്തിനുള്ളിൽ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് കൈമാറും. അവരുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാകും മറ്റു കുട്ടികളെ കൗൺസിലിങ് ചെയ്യുക.

إرسال تعليق

0 تعليقات