banner

ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി മാർച്ച് 13ന് ശേഷം പ്രഖ്യാപിക്കും!, എ.ഐ സേവനങ്ങൾ ഉപയോഗിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ


സ്വന്തം ലേഖകൻ
ന്യൂഡൽഹി : ലോക്‌സഭ തിരഞ്ഞെടുപ്പ് തീയതികൾ മാർച്ച് 13ന് ശേഷം പ്രഖ്യാപിച്ചേക്കുമെന്ന് വിവരം. പൊതുതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഒന്നിലധികം സംസ്ഥാനങ്ങൾ സന്ദർശിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇത് പൂർത്തിയാകുന്നതോടെ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുമെന്ന് കമ്മിഷൻ വൃത്തങ്ങൾ അറിയിച്ചു.

മാർച്ച് 13ന് മുമ്പ് സംസ്ഥാന സന്ദർശനം പൂർത്തിയാക്കാനാണ് കമ്മിഷൻ ലക്ഷ്യമിടുന്നത്. എല്ലാ സംസ്ഥാനങ്ങളിലേയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാരുമായി (സിഇഒ) യോഗങ്ങൾ നടന്നിരുന്നു. പ്രശ്‌നബാധിത പ്രദേശങ്ങൾ, ഇവിഎമ്മുകളുടെ ചലനം, സുരക്ഷാ സേനയുടെ ആവശ്യകത, അതിർത്തികളിൽ ജാഗ്രത കർശനമാക്കൽ എന്നിവ വിലയിരുത്തിയ ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കമ്മിഷൻ വ്യക്തമാക്കി.


ഈ വർഷം തിരഞ്ഞെടുപ്പ് കൂടുതൽ സുഗമമാക്കുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ പദ്ധതിയിടുന്നുവെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും തെറ്റായ വിവരങ്ങൾ ഫ്ലാഗ് ചെയ്യുന്നതിനും നീക്കം ചെയ്യുന്നതിനുമായാണ് എഐ ഉപയോഗിക്കുക.


തിരഞ്ഞെടുപ്പ് വേളയിൽ സോഷ്യൽ മീഡിയയിലെ തെറ്റായതും പ്രകോപനപരവുമായ ഉള്ളടക്കം നീക്കം ചെയ്യുന്നത് വേഗത്തിലായിരിക്കും, ഏതെങ്കിലും പാർട്ടിയോ സ്ഥാനാർത്ഥിയോ നിയമങ്ങൾ ലംഘിക്കുന്നത് തുടരുകയാണെങ്കിൽ

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോട് അക്കൗണ്ടുകൾ താൽക്കാലികമായി നിർത്തിവയ്ക്കാനോ ബ്ലോക്ക് ചെയ്യാനോ ആവശ്യപ്പെടുന്നത് പോലുള്ള കർശന നടപടികളെടുക്കാൻ കമ്മീഷൻ സജ്ജമാണെന്നും ഔദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു. വസ്തുതാ പരിശോധന, തെറ്റായ വിവരങ്ങൾക്കെതിരെ നടപടി, സെൻസിറ്റീവ് പ്രദേശങ്ങളിൽ ഉയർന്ന സുരക്ഷ ഉറപ്പാക്കൽ എന്നിവയും കമ്മീഷൻറെ പരിഗണനയിലുണ്ട്.

96.88 കോടി ജനങ്ങൾക്കാണ് വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അർഹതയുള്ളതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കണക്കുകൾ വ്യക്തമാക്കുന്നു. കൂടാതെ, 18-19 വയസ്സിനിടയിലുള്ള 1.85 കോടി പുതിയ വോട്ടർമാരും ഇക്കുറി സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നുണ്ട്

إرسال تعليق

0 تعليقات