banner

ലോക്സഭയിലേക്ക് മത്സരത്തിനൊരുങ്ങി ട്വന്റി-20യും!, ചാലക്കുടിയിലും എറണാകുളത്തും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു


സ്വന്തം ലേഖകൻ
കൊച്ചി : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിക്കാന്‍ ട്വന്റി-20യും. എറണാകുളം, ചാലക്കുടി മണ്ഡലങ്ങളില്‍ ട്വന്റി- 20 മത്സരിക്കും. ട്വന്റി-20 പ്രസിഡന്റ് സാബു എം. ജേക്കബ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

ചാലക്കുടിയില്‍ അഡ്വ. ചാര്‍ലി പോളാണ് ട്വന്റി- 20 സ്ഥാനാര്‍ഥി. എറണാകുളത്ത് അഡ്വ. ആന്റണി ജൂഡി മത്സരിക്കും. കിഴക്കമ്പലത്ത് നടന്ന ട്വന്റി- 20 മഹാസംഗമത്തിലായിരുന്നു പ്രഖ്യാപനം.

ചാലക്കുടിയിലെ മുന്‍ എം.പിമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനമായിരുന്നു സാബു എം. ജേക്കബ് ഉന്നയിച്ചത്. ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കുകയല്ലാതെ കഴിഞ്ഞ പത്തുവര്‍ഷമായി എല്‍.ഡി.എഫ്, യു.ഡി.എഫ്. എം.പിമാര്‍ മണ്ഡലത്തിനുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. എം.പിമാര്‍ക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും അതിന് ട്വന്റി- 20ക്ക് രണ്ട് എം.പിമാരെ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വെല്ലുവിളിയുമായി ട്വന്‍റി 20 പാര്‍ട്ടി പ്രസിഡന്‍റും കിറ്റെകസ് എം.ഡിയുമായ സാബു എം. ജേക്കബ്. തന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായിൽ മുഖ്യമന്ത്രിയുടെ മകളെ ഒരാഴ്ചക്കകം ജയിലിലാക്കുമെന്ന് അദ്ദേഹം വെല്ലുവിളിച്ചു. അതിന് ഉതകുന്ന ആറ്റം ബോംബ് തന്‍റെ കയ്യിലുണ്ടെന്നും സാബു ജേക്കബ് മുന്നറിയിപ്പ് നൽകി.‘സ്വപ്ന സുരേഷിന്റെ കൈയ്യിലുള്ള ബോംബല്ലാ സാബുവിന്റേത് ഇത് ആറ്റം ബോംബാണ്’ – സാബു എം. ജേക്കബ് പറഞ്ഞു. കിഴക്കമ്പലത്ത് നടന്ന ട്വന്‍റി 20 മഹാസംഗമത്തിലായിരുന്നു കിറ്റെക്സ് എംഡിയുടെ പ്രതികരണം.

ട്വന്റി20 യുടെ പരിപാടി തടസ്സപ്പെടുത്താൻ എം.എൽ.എ യും കൂട്ടരും ഇന്റർനെറ്റ് കട്ട് ചെയ്തു. കഴിഞ്ഞ ഒരാഴ്ച്ചയായി പോലീസ് സ്റ്റേഷനിലാണ്. പി.വി.ശ്രീനിജൻ എം.എൽ.എ ദ്രോഹം ചെയ്യുന്നതു മൂലമാണിതെന്നും സാബു ജേക്കബ് ആരോപിച്ചു.

അധികാരമോ പദവികളോ ആഗ്രഹിച്ചിട്ടില്ലെന്നും തനിക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം വന്നിട്ടുണ്ടെന്നും സാബു ജേക്കബ് പറഞ്ഞു. മാധ്യമങ്ങൾ ഇതിനു മുൻപ് തന്നെ സി.പി.എമ്മാക്കി.കഴിഞ്ഞ ദിവസം സംഘിയാക്കി, നാളെ കൊങ്ങിയാക്കും. ബി.ജെ.പിക്കാരൻ വന്ന് പറഞ്ഞാൽ സീറ്റിനു വേണ്ടി ചാടുന്നവനല്ലാ താന്‍. കെ.സുരേന്ദ്രനെ ഫോണിലൂടെ സംസാരിച്ചിട്ടില്ല,നേരിട്ട് ഇതുവരെ കണ്ടിട്ടു പോലുമില്ലെന്നും സാബു ജേക്കബ് പറഞ്ഞു. എറണാകുളത്ത് എന്‍ഡിഎ സ്ഥാനാര്‍ഥിയായി സാബു ജേക്കബ് മത്സരിക്കുമെന്ന പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

إرسال تعليق

0 تعليقات