banner

യൂണിഫോമില്ലാതെ വന്നത് പോലീസ് സൂപ്രണ്ടാണന്ന് മനസിലായില്ല!, 7 രൂപ ബാക്കി ചോദിച്ചപ്പോള്‍ നിയമം അനുസരിക്കാൻ പറഞ്ഞ് പുച്ഛം, പിന്നാലെ കൂട്ടത്തോടെ പൊക്കി


സ്വന്തം ലേഖകൻ
സാധാരണ വേഷത്തില്‍ സുഹൃത്തിനൊപ്പം കാറിലെത്തിയ ഐപിഎസ് ഉദ്യോഗസ്ഥനില്‍ നിന്ന് പാര്‍ക്കിങ് ഫീസായി അമിത തുക ഈടാക്കുന്നതിന്റെ വീഡിയോ ക്ലിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. 53 രൂപയുടെ രസീത് നല്‍കി 60 രൂപ വാങ്ങിയ ജീവനക്കാരനോട് ഏഴ് രൂപ തിരികെ ചോദിക്കുമ്പോള്‍ പുച്ഛത്തോടെയായിരുന്നു സംസാരം. മര്യാദ കൈവിടാതെ പിന്നെയും ചോദിച്ചപ്പോള്‍ നിങ്ങള്‍ നിയമം പാലിക്കണമെന്നായി ജീവനക്കാരന്‍. 

എന്നാല്‍ അങ്ങനെ തന്നെയാവട്ടെ എന്ന് പൊലീസുകാരനും.
ഉത്തര്‍പ്രദേശിലെ ഹാപൂര്‍ എസ്.പിയായ അഭിഷേക് വര്‍മയാണ് വീഡിയോയിലുള്ളത്. സ്വകാര്യ വാഹനത്തില്‍ സാധാരണ വേഷം ധരിച്ച് അദ്ദേഹം തൊട്ടടുത്ത പ്രദേശമായ ബ്രിജ്ഗട്ടിലെത്തുന്നു. അവിടെ വാഹനം പാര്‍ക്ക് ചെയ്യാന്‍ നേരത്താണ് സംഭവങ്ങളുടെ തുടക്കം. പണം കൊടുത്തപ്പോള്‍ കരാറുകാരന്റെ ജീവനക്കാരന്‍ പാര്‍ക്കിങ് രസീത് നല്‍കി. എന്നാല്‍ രസീതില്‍ നോക്കിയപ്പോള്‍ തുക 53 രൂപ. തന്റെ കൈയില്‍ നിന്ന് വാങ്ങിയത് 60 രൂപയാണല്ലോ എന്ന് എസ്.പി. ഏഴ് രൂപ തിരികെ തരാന്‍ മാന്യമായി ആവശ്യപ്പെട്ടു.

പൈസ തിരികെ ചോദിച്ചപ്പോള്‍ 60 രൂപയാണ് ചാര്‍ജെന്നും എല്ലാവരും അതാണ് തരുന്നതെന്നും ജീവനക്കാര്‍ പറയുന്നു. രസീതില്‍ 53 രൂപയല്ലേ ഉള്ളൂ എന്ന് ചൂണ്ടിക്കാട്ടുമ്പോള്‍ അതേച്ചൊല്ലി കുറച്ച് നേരം പരസ്പരം സംസാരം പിന്നെ പുച്ഛത്തോടെ നിങ്ങള്‍ നിയമം അനുസരിക്കൂ എന്ന് പറയുകയാണ് ജീവനക്കാര്‍. എന്നാല്‍ ശരി ഞാന്‍ നിയമം പാലിച്ചുകൊള്ളാം എന്ന് എസ്.പി മറുപടിയും നല്‍കുന്നത് വീഡിയോയില്‍ കാണാം.

പാര്‍ക്കിങ് ഫീസ് പിരിക്കാന്‍ കരാര്‍ എടുത്ത നാല് ജീവനക്കാരെ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. ഇവരുടെ മുഖം മറച്ച ചിത്രം എസ്.പി എക്‌സില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. നിയമത്തിന് വിധേയമായി പ്രവര്‍ത്തിച്ചാല്‍ നേട്ടമുണ്ടാകും എന്നാണ് എസ്.പി പങ്കുവെച്ച ചിത്രത്തിന് എക്‌സില്‍ അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. ഉദ്യഗസ്ഥന്റെ നടപടിയില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്. ഇത് മറ്റ് പൊലീസുകാരും മാതൃകയാക്കണമെന്നും സാധാരണ ജനങ്ങളിലൊരാളായ നാട്ടില്‍ ഇറങ്ങിനോക്കുമ്പോള്‍ അറിയാം ജനങ്ങളുടെ ദുരിതമെന്നും ആളുകള്‍ പറയുന്നുണ്ട്.

إرسال تعليق

0 تعليقات