banner

രണ്ടുവയസ്സുകാരിയെ കാണാതായ സംഭവം!, കാണാതായ രണ്ടുവയസ്സുകാരിക്കും സഹോദരങ്ങൾക്കും ആധാറും ജനന സർട്ടിഫിക്കറ്റും ഉൾപ്പെടെയുള്ള രേഖകളില്ല, കുഞ്ഞിന്റെ മാതാപിതാക്കൾ വിമാനയാത്ര നടത്തിയിട്ടുണ്ടെന്ന് വിവരം


സ്വന്തം ലേഖകൻ
തിരുവനന്തപുരം : ചാക്കയിൽനിന്നു കാണാതായ രണ്ടുവയസ്സുകാരിക്കും സഹോദരങ്ങൾക്കും ആധാറോ ജനന സർട്ടിഫിക്കറ്റോ അടക്കമുള്ള രേഖകളില്ല. രേഖകൾ ലഭിക്കാത്തതിനാൽ ഡി.എൻ.എ. അടക്കമുള്ള പരിശോധനാ റിപ്പോർട്ടുകൾ ലഭിച്ച ശേഷമേ കുട്ടികളെ വിട്ടുനൽകുകയുള്ളൂ. അമ്മയെയും രണ്ടുവയസ്സുകാരിയെയും വഞ്ചിയൂരിലുള്ള സംരക്ഷണകേന്ദ്രത്തിലേക്കും മറ്റ് മൂന്ന് ആൺകുട്ടികളെ ശിശുക്ഷേമസമിതിയിലേക്കുമാണ് മാറ്റിയത്. അമ്മയെയും കുഞ്ഞിനെയും മാറ്റുന്നതിനെതിരേ ബന്ധുക്കൾ പ്രതിഷേധവുമായി എത്തിയിരുന്നു. അമ്മ നാലു മാസം ഗർഭിണിയാണ്.

ഒടുവിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ തീരുമാനപ്രകാരം പോലീസ് ഇടപെട്ടാണ് സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റിയത്. മതാപിതാക്കളുടെ ആധാർ രേഖകൾ പോലീസിനു ലഭിച്ചിട്ടുണ്ട്. ഇതുെവച്ച് ആന്ധ്രപ്രദേശിലെ ഇവരുടെ ഗ്രാമത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.

കുഞ്ഞിന്റെ മാതാപിതാക്കൾ വിമാനയാത്രക്കാർ

കുഞ്ഞിന്റെ മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുകളും മറ്റു രേഖകളും പോലീസ് ശേഖരിച്ചു. ബന്ധുക്കളുടെ മൊഴിയും വ്യാഴാഴ്ച രേഖപ്പെടുത്തി. ബാങ്ക് അക്കൗണ്ടുകളിലേക്ക് വലിയ തുകകൾ വന്നിട്ടുണ്ടോയെന്നതാണ് പരിശോധിക്കുന്നത്. കുഞ്ഞിന്റെ മാതാപിതാക്കളും വിമാനത്തിൽ പല സംസ്ഥാനങ്ങളിലേക്കും സഞ്ചരിച്ചതിന്റെ വിവരങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്. തേൻ ശേഖരിക്കാനും വിൽക്കാനുമാണ് പോകുന്നതെന്നാണ് ഇവരുടെ മൊഴി. കുഞ്ഞിനെ കാണാതായ ദിവസം ബന്ധുക്കൾ ഹൈദരാബാദിൽനിന്ന് വിമാനത്തിലെത്തിയതിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ടായിരുന്നു.

പത്തു ദിവസം മുൻപാണ് കുഞ്ഞും കുടുംബവും തിരുവനന്തപുരത്തെത്തിയത്. ഇവർക്കൊപ്പം മറ്റു ബന്ധുക്കളും ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്. കുഞ്ഞിനെ കാണാതായതോടെ ഇവരെല്ലാം തലസ്ഥാനത്തെത്തിയിട്ടുണ്ട്.കുഞ്ഞിന്റെ രക്തപരിശോധനാഫലവും പോലീസ് പ്രതീക്ഷിച്ചിരിക്കുകയാണ്. രക്തത്തിൽ മദ്യത്തിെന്റയോ മയക്കുന്ന തരത്തിലുള്ള മറ്റെന്തിന്റെയെങ്കിലുമോ അംശമുണ്ടോ എന്നതാണ് പോലീസിന്റെ സംശയം.

എടുത്തുകൊണ്ടു പോയ ശേഷം കുഞ്ഞിനെ പിന്നീട് ഈ സ്ഥലത്ത് ഉപേക്ഷിച്ചതാവാമെന്ന സംശയമാണ് ഇപ്പോൾ വീണ്ടും ബലപ്പെടുന്നത്. ഇതിനുപിന്നിൽ മാതാപിതാക്കൾക്കൊപ്പമുള്ള സംഘമാണോയെന്നതും പരിശോധിക്കുന്നുണ്ട്. കുട്ടികളെയും അമ്മയെയും വിട്ടുനൽകണമെന്നാവശ്യപ്പട്ട് അച്ഛനും ബന്ധുക്കളും അടങ്ങുന്ന വലിയൊരു സംഘം പോലീസിനെയും സി.ഡബ്ല്യു.സി.യെയും തുടർച്ചയായി കാണുന്നുണ്ട്. കുട്ടികളെ കാണാൻ അച്ഛന് കഴിഞ്ഞദിവസം അനുവാദം നൽകിയിരുന്നു. എത്രയും വേഗം നാട്ടിലേക്കു മടങ്ങാൻ അനുമതിവേണമെന്നാണ് ഇവരുടെ ആവശ്യം.

إرسال تعليق

0 تعليقات