കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ച് നശിച്ച സംഭവത്തിൽ സമയോചിതമായ ഇടപെടലിലൂടെ സ്വന്തം ജീവൻപോലും വകവെക്കാതെ ബസിലെ എല്ലാവരെയും സുരക്ഷിതമായി
രക്ഷപ്പെടുത്തി വൻ അപകടത്തിൽ നിന്നും രക്ഷിച്ച് മാതൃകയായ ബസ് ഡ്രൈവർ സജി.എസ്-നെയും കണ്ടക്ടർ സുജിത്ത്.എസ്-നെയും വീട്ടിലെത്തി ആദരിച്ച് കരുനാഗപ്പള്ളി എംഎൽഎ സി.ആർ. മഹേഷ്. മനസ്സ് പതറി പോകുന്ന സമയത്ത് സധൈര്യം അതിനെ നേരിടുക എന്ന നിസ്സാര കാര്യമല്ലെന്ന് എംഎൽഎ പറഞ്ഞു. കെഎസ്ആർടിസി ഡ്രൈവർ സജി ക്ലാപ്പന കരുനാഗപ്പള്ളി സ്വദേശിയും കണ്ടക്ടർ സുജിത്ത് കരുനാഗപ്പള്ളി പണിക്കർ കടവ് സ്വദേശിയുമാണ്.
അതേസമയം കഴിഞ്ഞ ദിവസമാണ് കായംകുളം എംഎസ്എം കോളേജിന് സമീപം ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് നിന്നു കത്തിയത്. കായംകുളത്തു നിന്ന് ആലപ്പുഴയിലേക്ക് ഓർഡിനറി സർവീസ് നടത്തിയ കെഎസ്ആർടിസിയുടെ വെസ്റ്റിബ്യൂൾ ബസ് ആണ് കത്തി നശിച്ചത്. പിന്നീട് ഫയർഫോഴ്സ് സംഘമെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
രാവിലെ ആയതിനാൽ നിരവധി യാത്രക്കാർ ബസ്സിനുള്ളിൽ ഉണ്ടായിരുന്നു. മുൻവശത്ത് നിന്ന് പുക വരുന്നത് ശ്രദ്ധിച്ച ഡ്രൈവർ കണ്ടക്ടറെ അറിയിക്കുകയും ഇരുവരും സമയോചിതമായി ഇടപെട്ട് വണ്ടി വഴിയരികിൽ ഒതുക്കി ഇടുകയും യാത്രക്കാരെ പുറത്തിറക്കുകയും ആയിരുന്നു. തൊട്ടു പിന്നാലെ മുൻവശത്തുനിന്ന് തീ ആളിപ്പടരുകയും മറ്റു വശങ്ങളിലേക്ക് വ്യാപിച്ച് കത്തി അമരുകയും ആയിരുന്നു. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി നിയന്ത്രണവിധേയമാക്കി. ആർക്കും പരിക്കില്ല.
0 تعليقات