സ്വന്തം ലേഖകൻ
ആലപ്പുഴ : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വാർത്താ സമ്മേളനത്തിന് വൈകി എത്തിയതിലുള്ള നീരസം പരസ്യമാക്കി കെ സുധാകരൻ. മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്തിയിട്ട് പ്രതിപക്ഷ നേതാവ് എവിടെ പോയെന്ന് കെ സുധാകരൻ ചോദിച്ചു. തുടര്‍ന്ന് പ്രസിഡന്‍റ് എന്തെങ്കിലും കൂടുതൽ സംസാരിക്കുന്നത് ഒപ്പമുണ്ടായിരുന്ന നേതാക്കൾ തടയുകയായിരുന്നു. 20 മുനിട്ട് സുധാകരൻ വി ഡി സതീശന് വേണ്ടി കാത്തിരുന്നിരുന്നു.
വാര്‍ത്താ സമ്മേളനത്തിന് എത്താൻ സതീശൻ വൈകിയപ്പോൾ ബാബു പ്രസാദ് ഫോണിൽ വിളിച്ച് പ്രസിഡന്‍റ് കാത്തിരിക്കുന്ന വിവരവും അറിയിച്ചിരുന്നു. എന്നിട്ടും പ്രതിപക്ഷ നേതാവ് വൈകിയതോടെയാണ് സുധാകരൻ നീരസം പ്രകടമാക്കിയത്. പത്രക്കാരോട് വരാൻ പറഞ്ഞിട്ട് ഇതെന്ത് മോശമാണെന്ന് സുധാകരൻ ചോദിക്കുമ്പോള്‍ മൈക്കും ക്യാമറയും ഓണ്‍ ആണെന്ന് നേതാക്കള്‍ ഓര്‍മ്മിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സതീശൻ എത്തുമ്പോഴും മൈക്ക് ഓണാണ് എന്ന് നേതാക്കള്‍ പറയുന്നുണ്ട്.
വാര്‍ത്താ സമ്മേളനത്തിന് എത്താൻ വൈകിയതിന്റെ പേരിൽ കെപിസിസി പ്രസിഡന്റ് കുപിതനായ സംഭവത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ കടുത്ത അതൃപ്തിയിൽ, പ്രതിഷേധം വിഡി സതീശൻ എഐസിസി നേതൃത്വത്തെ അറിയിച്ചു. കെസി വേണുഗോപാൽ പ്രശ്ന പരിഹാരത്തിനായി ഇടപെട്ടു.
ഇരു നേതാക്കളോടും അദ്ദേഹം സംസാരിച്ചു. ഇരു നേതാക്കളോടും സംയുക്ത വാര്‍ത്താ സമ്മേളനം വിളിക്കാൻ എഐസിസി നേതൃത്വം നിര്‍ദ്ദേശിച്ചു. എന്നാൽ വിഡി സതീശൻ മാധ്യമങ്ങളെ കാണാൻ തയ്യാറായില്ല. ഇതോടെ കെ സുധാകരൻ ഒറ്റയ്ക്ക് മാധ്യമപ്രവര്‍ത്തകരെ കണ്ട് വിശദീകരണം നൽകുകയായിരുന്നു.
വിവാദത്തിൽ നേതാക്കളുടെ വിശദീകരണം തേടിയെങ്കിലും മാധ്യമങ്ങൾക്ക് മുന്നിലൂടെ ഒരേ കാറിൽ ഒരുമിച്ചു സഞ്ചരിച്ച് ഇരുവരും ഭിന്നതയില്ലെന്ന് പ്രകടമാക്കി. നേരത്തെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനിടെ വാർത്താ സമ്മേളനത്തിൽ ആദ്യം ആര് സംസാരിക്കും എന്നതിനെ ചൊല്ലി ഉണ്ടായ വിവാദങ്ങൾ കെട്ടടങ്ങും മുൻപാണ് ഇരുവരും തമ്മിലുള്ള ഭിന്നത വീണ്ടും പരസ്യമാകുന്നത്.
പുതുപ്പള്ളി തെരഞ്ഞെടുപ്പ് സമയത്തെ മൈക്ക് വിവാദം ഓര്‍മ്മിപ്പിക്കുന്ന തരത്തിലായിരുന്നു വീണ്ടും ഇരുവരും തമ്മിലുള്ള അസ്വാരസ്യം പുറത്തായത്. സമരാഗ്നിയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു വാര്‍ത്താ സമ്മേളനം. 10 മണിക്ക് നിശ്ചയിച്ച വാര്‍ത്താ സമ്മേളനത്തിന് 10.30ഓടെയാണ് സുധാകരൻ എത്തിയത്.
0 تعليقات