banner

വനിതാ നഴ്‌സിനെ ചവിട്ടിയിട്ട് മാനസിക വെല്ലുവിളി നേരിടുന്ന രോഗി...!, ചവിട്ടിന്റെ ആഘാതത്തിൽ തെറിച്ചുവീണ നഴ്സിംഗ് ഓഫീസറുടെ കൈയ്യല്ലിനു പൊട്ടൽ, രോഗിയുടെ അക്രമം സുരക്ഷാ ജീവനക്കാരെയും മറികടന്ന്

Published from Blogger Prime Android App
കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗിയെ ചികിത്സിക്കുന്നതിനിടെ വനിതാ നഴ്‌സിംഗ് ഓഫീസര്‍ക്ക് നേരെ ക്രൂരമായ ആക്രമണം. സാരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ വലതുകൈക്ക് പൊട്ടല്‍ ഏല്‍ക്കുകയും കണ്ണിന് മുകളിലായി മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് ദൗര്‍ഭാഗ്യകരമായ സംഭവം ഉണ്ടായത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴാം വാര്‍ഡിലെ പുരുഷനായ രോഗി അക്രമണസ്വഭാവം പ്രകടിപ്പിച്ചതോടെ മരുന്നു നല്‍കാനായി എത്തിയതായിരുന്നു ഇവര്‍. ഇന്‍ജക്ഷന്‍ നല്‍കിയ ശേഷം തിരിച്ച് നടക്കുന്നതിനിടെ ഇയാള്‍ നഴ്‌സിംഗ് ഓഫീസറുടെ പുറത്ത് ശക്തിയോടെ ചവിട്ടുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരെ തള്ളിമാറ്റിയാണ് ഇയാള്‍ ആക്രമം കാണിച്ചത്. 

ചവിട്ടിന്റെ ശക്തിയില്‍ തെറിച്ചുപോയ നഴ്‌സിംഗ് ഓഫീസറുടെ കൈ മുറിയോട് ചേര്‍ന്നുള്ള ഇരുമ്പ് ഗ്രില്ലില്‍ ഇടിച്ച് അസ്ഥിക്ക് ക്ഷതമേല്‍ക്കുകയായിരുന്നു. ഗ്രില്ലില്‍ തന്നെ ഇടിച്ച് മുഖത്തും മുറിവേറ്റു. മുറിവില്‍ ആറോളം തുന്നല്‍ വേണ്ടി വന്നിട്ടുണ്ട്. അതേസമയം സംഭവത്തില്‍ പ്രതിഷേധവുമായി കേരള ഗവ നഴ്‌സസ് അസോസിയേഷന്‍ രംഗത്തുവന്നു. നഴ്‌സിംഗ് വിഭാഗം ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ ആശുപത്രി അധികൃതര്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി പ്രജിത്ത്, പ്രസിഡന്റ് സ്മിത എന്നിവര്‍ ആവശ്യപ്പെട്ടു. 

നിലവില്‍ 20 സെക്യൂരിറ്റി ജീവനക്കാരുടെ കുറവാണ് കുതിരവട്ടം  മാനസിക ആരോഗ്യകേന്ദ്രത്തില്‍ ഉള്ളത്. ഈ കുറവ് ആശുപത്രി പ്രവര്‍ത്തനത്തിലും ജീവനക്കാരുടെ സുരക്ഷയിലും വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. അടിയന്തിരമായി സെക്യൂരിറ്റി സംവിധാനം ശക്തിപ്പെടുത്തണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

إرسال تعليق

0 تعليقات