
സ്വന്തം ലേഖകൻ
ചീത്ത വിളിച്ചെന്ന് ആരോപിച്ച് 62 കാരൻറെ കയ്യും കാലും ഇരുചക്ര വാഹനത്തിൽ എത്തിയ സംഘം തല്ലിയൊടിച്ചു. അഞ്ചൽ ഏരൂർ സ്വദേശി രാജേന്ദ്രനെയാണ് ഇരുചക്ര വാഹനത്തിൽ എത്തിയ യുവാക്കളുടെ സംഘം മർദ്ദിച്ച് അവശനാക്കിയത്. അക്രമത്തിൽ രാജേന്ദ്രന്റെ കൈയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. വാഴയ്ക്ക് താങ്ങു കൊടുക്കാൻ വച്ചിരിക്കുന്ന വടി ഉപയോഗിച്ചുകൊണ്ടാണ് തന്നെ മർദ്ദിച്ചത് എന്ന് രാജേന്ദ്രൻ പറയുന്നു.ഇക്കഴിഞ്ഞ പതിനാറാം തീയതി വൈകിട്ട് അഞ്ചുമണിയോടുകൂടി സമീപത്തെ കടയിൽ നിന്നും വീട്ടിലേക്ക് പോകുന്ന വഴി ഇരു ചക്ര വാഹനത്തിൽ എത്തിയ യുവാക്കളുമായി രാജേന്ദ്രൻ വാക്കു തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് വീടിൻറെ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്നു രാജേന്ദ്രനെ മൂന്നുപേർ അടങ്ങുന്ന യുവാക്കളുടെ സംഘം കമ്പു കൊണ്ടും കല്ലുകൊണ്ടും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ ഇടതു കൈയ്ക്കും വലതുകൈയ്യുടെ വിരലുകൾക്കും വലതു കാലിനും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.
സംഭവം അറിഞ്ഞ് സ്ഥലത്തെ പോലീസ് ആണ് രാജേന്ദ്രനെ സമീപത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ഉറപ്പാക്കിയത് തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ രാജേന്ദ്രന്റെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾ സ്കൂട്ടറിൽ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
0 تعليقات