കൊല്ലം : എംഡിഎംഎ കടത്തിയ കേസിൽ പിടിയിലായ യുവതിയുടെ ജനനേന്ദ്രിയത്തിൽ നിന്ന് വീണ്ടും മയക്കുമരുന്ന് കണ്ടെത്തി. അഞ്ചാലുംമൂട് സ്വദേശി അനില രവീന്ദ്രനെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോൾ 46 ഗ്രാം എംഡിഎംഎയാണ് ജനനേന്ദ്രിയത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
യുവതിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ച് മെഡിക്കൽ പരിശോധന നടത്തി എംഡിഎംഎ പുറത്തെടുത്തു. ഇന്നലെ ഇവരിൽ നിന്ന് 50 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തിരുന്നു. 2021ൽ തൃക്കാക്കരയിൽ എംഡിഎംഎ കടത്തിയ കേസിൽ ഇവർ നേരത്തെയും അറസ്റ്റിലായിരുന്നുവെന്നും പോലീസ് സ്ഥിരീകരിച്ചു.
കർണാടകത്തിൽ നിന്ന് കൊല്ലം നഗരത്തിലെ സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക് വിൽപ്പനയ്ക്കായി എംഡിഎംഎ കടത്തിവരുന്നതായി കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണന് വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്.
അതിന്റെ അടിസ്ഥാനത്തിൽ കൊല്ലം സിറ്റി പരിധിയിൽ പോലീസ് ഇന്ന് രാവിലെയോടെ വ്യാപക പരിശോധന ആരംഭിച്ചു. കൊല്ലം എസിപി എസ്. ഷെരീഫിന്റെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്.

 
 
 
 
 
 
 
 
 
 
0 Comments