പത്തനംതിട്ട : വെണ്ണിക്കുളത്ത് നിന്ന് കാണാതായ 17കാരി റോഷ്‌നി റാവത്തിനായി തിരച്ചിൽ ഊർജിതമാക്കി. കേരളത്തിൽ പഠിച്ച് വളർന്ന മദ്ധ്യപ്രദേശ് സ്വദേശി ഗംഗാറാം റാവത്തിന്റെ മകളായ റോഷ്‌നിയെ രണ്ട് ദിവസം മുൻപാണ് കാണാതായത്. പ്ലസ് ടു പരീക്ഷ എഴുതിയ റോഷ്‌നി നിലവിൽ ഫലത്തിനായി കാത്തിരിക്കുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ മുതലാണ് പെൺകുട്ടിയെ കാണാതായതെന്നാണ് ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. കാണാതാകുമ്പോൾ കറുപ്പ് നിറത്തിൽ വെളുത്ത കള്ളികളുള്ള ഷർട്ടാണ് റോഷ്‌നി ധരിച്ചിരുന്നതായി പരാതിയിലുണ്ട്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലും പരിജ്ഞാനമുള്ള റോഷ്‌നി, ട്രെയിനിൽ കയറി തിരുവനന്തപുരം ഭാഗത്തേക്കായി യാത്ര തിരിച്ചെന്ന് ചില സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.
വെണ്ണിക്കുളത്ത് കുടുംബസമേതം ഏറെക്കാലമായി താമസിച്ചിരുന്ന ഗംഗാറാം കേരളത്തിൽ ജോലിചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളിയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. റോഷ്‌നിയേയും അവരുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നവർ സമീപത്തുള്ള പൊലിസ് സ്റ്റേഷനിൽ വിവരമറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.
0 تعليقات