banner

പതിനാറുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കി; പരാതിയിൽ 45-കാരനായ കുങ്ഫു അധ്യാപകൻ പോലീസിൻ്റെ പിടിയിൽ


പത്തനംതിട്ട : ഇലവുംതിട്ടയിൽ പതിനാറുകാരന് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ കുങ്ഫു അധ്യാപകൻ പിടിയിൽ. പന്തളം ഉളനാട് സജി ഭവനത്തിൽ താമസിക്കുന്ന സാം ജോൺ (45) ആണ് ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഉളനാട് നടത്തുന്ന കുങ്ഫു പരിശീലന കേന്ദ്രത്തിലാണ് കൗമാരക്കാരനു നേരെ ലൈംഗിക ചൂഷണം നടത്തിയത്. 2023 ഓഗസ്റ്റ് 15-ന് രാവിലെ 10ന് ശേഷം കുട്ടിയെ പരിശീലന കേന്ദ്രത്തിൽ വച്ച് ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയ പ്രതി, പിന്നീട് നിരവധി തവണ ഇതും ആവർത്തിച്ചു. സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള എല്ലാ ഞായറാഴ്ചകളിലും കുട്ടിയുടെ പരിശീലന സമയത്ത് വിവിധതരത്തിലുള്ള ലൈംഗിക അതിക്രമങ്ങൾ നടത്തിയതായി പരാതിയിലുണ്ട്. ഇയാൾ ആക്രമണ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു.

ഈ മാസം ഏഴിന് പന്തളം പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ ഇലവുംതിട്ട സ്റ്റേഷനിലേക്ക് കൈമാറിയതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്കും വിധേയനാക്കി. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഊർജിതമാക്കിയ അന്വേഷണത്തിൽ പ്രതിയെ വീട്ടിന് സമീപം നിന്ന് പിടികൂടി. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. സംഭവവുമായി ബന്ധപ്പെട്ട സാക്ഷികൾ പ്രതിയെ തിരിച്ചറിഞ്ഞതോടെ അറസ്റ്റ് രേഖപ്പെടുത്തി.

മാനസികമായി പ്രതിസന്ധിയിലായ കുട്ടിക്ക് കൗൺസിലിങ് അടക്കമുള്ള സഹായങ്ങൾ ലഭ്യമാക്കുന്നതിനായി ശിശുക്ഷേമ സമിതിക്ക് ഇലവുംതിട്ട പൊലീസ് റിപ്പോർട്ട് നൽകി. ഇന്നലെ കുട്ടിയുടെ മൊഴി പത്തനംതിട്ട ജെ.എഫ്.എം കോടതി ഒന്നിൽ രേഖപ്പെടുത്തി. ഇലവുംതിട്ട പൊലീസ് ഇൻസ്‌പെക്ടർ ടി.കെ വിനോദ് കൃഷ്ണന്റെ നേതൃത്വത്തിലാണ് വിശദമായ അന്വേഷണം പുരോഗമിക്കുന്നത്. പ്രതിക്കെതിരെ 2020-ലും 2021-ലും രജിസ്റ്റർ ചെയ്ത ദേഹോപദ്രവം, ഗാർഹിക പീഡനം എന്നിവയുമായി ബന്ധപ്പെട്ട രണ്ട് കേസുകൾ ഇലവുംതിട്ട സ്റ്റേഷനിൽ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി.

إرسال تعليق

0 تعليقات