banner

കേരളത്തിലെ സർക്കാർ - പൊതുമേഖലാ സ്ഥാപനങ്ങളിലും പിൻവാതിൽ നിയമനങ്ങൾ; അനധികൃത നിയമനങ്ങൾ കണ്ടുപിടിക്കാൻ വിശദപഠനം നടത്തണമെന്ന് ശുപാർശ ചെയ്ത് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ്; എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി ജോലി കാത്തിരിക്കുന്നവർ മണ്ടന്മാരാകുന്നു!


തിരുവനന്തപുരം : എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴിയല്ലാതെ സംസ്ഥാനത്തെ വിവിധ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നടത്തിയ അനധികൃത നിയമനങ്ങളെക്കുറിച്ച് സർക്കാർ വിശദപഠനം നടത്തണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ ശുപാർശ. എല്ലാ വകുപ്പിലെയും താൽക്കാലിക ജീവനക്കാരുടെ വിവരവും നിയമനരീതിയും ശേഖരിച്ച്, നിയമവിരുദ്ധമായവ റദ്ദാക്കുകയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തുകയും വേണമെന്നാണു സർക്കാരിനു നൽകിയിരിക്കുന്ന ശുപാർശ. 

25 ലക്ഷത്തോളം ഉദ്യോഗാർഥികൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്തു ജോലി കാത്തിരിക്കുമ്പോഴാണ് പിൻവാതിൽ നിയമനങ്ങൾ നടക്കുന്നത്. പല വകുപ്പുകളും താൽക്കാലിക, കരാർ ഒഴിവുകൾ എംപ്ലോയ്മെന്റ് വകുപ്പിൽ റിപ്പോർട്ട് ചെയ്യുന്നില്ല. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പഠനം നടത്തിയ 2022–23ൽ അധ്യാപക തസ്തിക, പഞ്ചായത്ത് വകുപ്പിലെ താൽക്കാലിക– കരാർ തസ്തികകൾ എന്നിവയിൽ ഒരു ഒഴിവു പോലും എംപ്ലോയ്മെന്റിൽ അറിയിച്ചില്ല. ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിലെ ഒഴിവു മാത്രമാണ് അക്കൊല്ലം റിപ്പോർട്ട് ചെയ്തത്.

എല്ലാ വകുപ്പുകളിലും സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലും മാസംതോറും സ്ഥിരം, കരാർ, താൽക്കാലിക ഒഴിവുകൾ അറിയിക്കാനും നിയമന പരാതികൾ പരിഹരിക്കാനും ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുക. ∙ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ സ്റ്റാർട്ടപ് സംരംഭങ്ങൾക്കുള്ള ഉപദേശക സംവിധാനമാക്കുക. ∙ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലൂടെ ശേഖരിക്കുന്ന ഉദ്യോഗാർഥികളുടെ വിവരങ്ങൾ ടെക്നോപാർക്കിലെ സ്റ്റേറ്റ് ഡേറ്റ സെന്ററിൽ സൂക്ഷിക്കുന്നതു സുരക്ഷിതമല്ലാത്തതിനാൽ ഡേറ്റ ബാക്കപ്പിനായി വകുപ്പ് ഡയറക്ടറേറ്റിൽ പുതിയ സെർവർ സ്ഥാപിക്കുക. 

രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയ 2021 മേയ് 20 മുതൽ 2024 മേയ് 31 വരെ പൊതുവിദ്യാഭ്യാസ വകുപ്പിൽ 323 നിയമനങ്ങൾ മാത്രമാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തിയത്. അധ്യാപക തസ്തികകളിൽ ഉൾപ്പെടെ പതിനായിരക്കണക്കിന് താൽക്കാലിക ഒഴിവ് ഓരോ വർഷവും ഉണ്ടാകുമ്പോഴാണിത്. 1200 തദ്ദേശ സ്ഥാപനങ്ങളിലായി പതിനായിരത്തിലധികം ഒഴിവുകളുണ്ടാകുന്നുണ്ടെങ്കിലും നിയമനം 2783 മാത്രം. 

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിയമനങ്ങൾ (2021 മേയ് 20 മുതൽ 2024  മേയ് 31 വരെ: നിയമസഭാരേഖ) കെഎസ്ആർടിസി: 2 ആരോഗ്യം: 6972 വാട്ടർ അതോറിറ്റി: 2037 ഉന്നതവിദ്യാഭ്യാസം: 1102 പൊതുവിദ്യാഭ്യാസം: 323 സാങ്കേതിക വിദ്യാഭ്യാസം: 670 തദ്ദേശ സ്വയംഭരണം: 2783 വനം: 150 സഹകരണ ബാങ്കുകൾ: 177

إرسال تعليق

0 تعليقات