പി.വി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിന് ഉപാധികളുമായി കോൺഗ്രസ്. തൃണമൂൽ കോൺഗ്രസിനെ ഒഴിവാക്കി വന്നാൽ സ്വീകരിക്കാമെന്നാണ് കോൺഗ്രസ് നിലപാട്. തൃണമൂൽ കോൺഗ്രസ് വഴി പിവി അൻവർ യുഡിഎഫിൽ എത്തേണ്ട എന്നാണ് കോൺഗ്രസിലെ ധാരണ. പകരം പി.വി അൻവറിന് മുന്നിൽ കോൺഗ്രസ് ഫോർമുല വയ്ക്കും.
പുതിയ പാർട്ടി രൂപീകരിച്ച് എത്തിയാൽ സ്വീകരിക്കാം എന്നാണ് നിലപാട്. ഒറ്റയ്ക്ക് വന്നാലും, പുറത്തുനിന്ന് പിന്തുണച്ചാലും സ്വീകരിക്കും. തൃണമൂൽ കോൺഗ്രസിനെ എടുക്കാൻ കഴിയാത്ത രാഷ്ട്രീയ സാഹചര്യം വിശദീകരിക്കും. വഴങ്ങിയില്ലെങ്കിൽ മറ്റു വഴികൾ ആലോചിക്കാനാണ് കോൺഗ്രസ് തീരുമാനം. പി വി അൻവറിനെ മുന്നണിയിലേക്ക് എടുത്താൽ പിന്നീട് തലവേദന ആകുമോ എന്ന ആശങ്ക യു.ഡി.എഫിലെ ഘടകകക്ഷികൾക്കും ഉണ്ട്.
പി.വി അൻവറുമായുള്ള കോൺഗ്രസ് നേതാക്കളുടെ കൂടിക്കാഴ്ചയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുക്കും. ചർച്ചയിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റുകൾ സംബന്ധിച്ച ചില ഉറപ്പുകളും കോൺഗ്രസ് നൽകും. സ്ഥാനാർത്ഥി പ്രഖ്യാപനം ഉൾപ്പെടെയുള്ള ചർച്ചയ്ക്കുശേഷം ആലോചിക്കാനാണ് കോൺഗ്രസ് തീരുമാനം.
0 تعليقات