ന്യൂഡല്‍ഹി : കാലഹരണപ്പെട്ട ചട്ടക്കൂടുകള്‍ക്കുള്ളില്‍ രാജ്യത്തെ ഉദ്യോഗസ്ഥവൃന്ദങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത ആയിരം വര്‍ഷത്തേക്കുള്ള നയരൂപീകരണത്തിനായാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും എല്ലാ ഉദ്യോഗസ്ഥരും അതിനായി അക്ഷീണം പ്രവര്‍ത്തിക്കണമെന്നും മോദി പറഞ്ഞു.
വിജ്ഞാന്‍ ഭവനില്‍ നടന്ന സിവില്‍ സര്‍വീസസ് ദിന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോദി. പൗരന്‍മാര്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുയും തടസ്സങ്ങള്‍ മറികടക്കാന്‍ അവരെ സഹായിക്കുകയും ചെയ്യുന്ന തലത്തിലേക്ക് ഉദ്യോഗസ്ഥരെ മാറ്റിയെടുക്കുകയാണെന്നും മോദി പറഞ്ഞു.
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഒരു സഹായിയായി മാറണം. നിയമങ്ങളുടെ സൂക്ഷിപ്പുകാരന്‍ എന്നതിനപ്പുറം വളര്‍ച്ചയുടെ സഹായിയായി മാറുന്ന നിലയിലേക്ക് അതിന്റെ പങ്ക് വികസിപ്പിക്കണമെന്നും മോദി പറഞ്ഞു. യുവാക്കളുടെയും സ്ത്രീകളുടെയും കര്‍ഷകരുടെയും ആഗ്രഹങ്ങള്‍ ഉയരത്തിലെത്തിക്കാന്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാകണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് നമ്മള്‍ എടുക്കുന്ന തീരുമാനങ്ങള്‍ അടുത്ത ആയിരം വര്‍ഷത്തെ ഭാവിയെ രൂപപ്പെടുത്തും. വികസിത ഇന്ത്യയെന്ന ലക്ഷ്യം കൈവരിക്കാന്‍ കൂട്ടായ പരിശ്രമം ആവശ്യമാണ്. അതിനായി എല്ലാവരും അക്ഷീണം പ്രവര്‍ത്തിക്കണമെന്നും മോദി അഭ്യര്‍ഥിച്ചു.
കാലഹരണപ്പെട്ട ചട്ടക്കൂടില്‍ നിന്ന് രാജ്യത്തിന്റെ നയരൂപീകരണം, ജോലി പക്രികയകള്‍ എന്നിവയുമായി മുന്നോട്ടുപോകാന്‍ കഴിയില്ല. അതിനായി രാജ്യത്തെ അതിവേഗം മുന്നോട്ടുനയിക്കുന്ന നിലയിലേക്ക് ഉദ്യഗസ്ഥവൃന്തം മാറമെന്നും അദ്ദേഹം പറഞ്ഞു. ഊര്‍ജ്ജ സുരക്ഷ, കായികരംഗത്തെ വളര്‍ച്ച, ബഹിരാകാശ പര്യവേഷണത്തിലെ നേട്ടങ്ങളും വരും വര്‍ഷങ്ങളിലെ ഇന്ത്യയുടെ അഭിലാഷ ലക്ഷ്യങ്ങളും പ്രധാനമന്ത്രി ചടങ്ങില്‍ വിശദീകരിച്ചു.
ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുന്നുവെന്ന് ഉറപ്പാക്കുന്നതിന് സിവില്‍ സര്‍വീസുകാര്‍ക്കുള്ളത് വലിയ ഉത്തരവാദിത്തമാണെന്നും മോദി ചൂണ്ടിക്കാട്ടി. ഈ വര്‍ഷത്തെ സിവില്‍ സര്‍വീസസ് ദിനത്തിന്റെ മുദ്രാവാക്യം – ഇന്ത്യയുടെ സമഗ്ര വികസനം – രാജ്യത്തെ ജനങ്ങളോടുള്ള പ്രതിബദ്ധതയും വാഗ്ദാനവുമാണെന്ന് മോദി പറഞ്ഞു. ഇന്ത്യയുടെ സമഗ്ര വികസനം എന്നാല്‍ ഒരു ഗ്രാമമോ, ഒരു കുടുംബമോ, ഒരു പൗരനോ പോലും പിന്തള്ളപ്പെടുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ്.
ചെറിയ ചെറിയ മാറ്റങ്ങളല്ല, പരിപൂര്‍ണമാറ്റമാണ് രാജ്യത്തിന്റെ യഥാര്‍ഥ പുരോഗതിയെന്നും മോദി പറഞ്ഞു. ഓരോ വീടിനും ശുദ്ധജലം, ഓരോ കുട്ടിക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ഓരോ സംരംഭകനും സാമ്പത്തിക ലഭ്യത, ഓരോ ഗ്രാമത്തിനും ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ നേട്ടങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് അത്. ഭരണത്തിന്റെ ഗുണനിലവാരം നിര്‍ണ്ണയിക്കുന്നത് പദ്ധതികള്‍ ആരംഭിക്കുന്നത് മാത്രമല്ല, ഈ പദ്ധതികള്‍ എത്രത്തോളം ജനങ്ങളിലേക്ക് എത്തുന്നു എന്നതാണെന്നും മോദി പറഞ്ഞു.
0 تعليقات