തൃശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ സുരക്ഷാ ജീവനക്കാർ ഭക്തരെ മർദ്ദിച്ചെന്ന് ആരോപണം. മർദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ക്ഷേത്രത്തിലെ വിവാഹ മണ്ഡപത്തിന് സമീപം മൂന്ന് സുരക്ഷാ ജീവനക്കാർ ചേർന്നാണ് ഭക്തരെ തടഞ്ഞുവെച്ച് മർദ്ദിച്ചതെന്നാണ് ആരോപണം.
സുരക്ഷാ ജീവനക്കാർ ഒരു ഭക്തൻ്റെ രണ്ട് കൈകളും പിറകിലേക്ക് പിടിച്ചു വച്ചിരിക്കുന്നതും മറ്റൊരു ഭക്തനെ ഷർട്ടിൽ പിടിച്ചു വലിക്കുന്നതും പ്രചരിക്കപ്പെടുന്ന ദൃശ്യങ്ങളിൽ കാണാം. ഈ സംഭവം ഏതു ദിവസമാണെന്ന് പോസ്റ്റുകളിൽ സൂചനയില്ല.
ക്യൂ നിൽക്കുന്നത് സംബന്ധിച്ച സംശയം ചോദിക്കാൻ ചെന്ന ഭക്തർക്ക് നേരെ സുരക്ഷാ ജീവനക്കാരുടെ ക്രൂരമർദ്ദനം എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്. എന്നാൽ, ദേവസ്വത്തിനോ പൊലീസിനോ ഇതുവരെ ഇത് സംബന്ധിച്ച പരാതി ലഭിച്ചിട്ടില്ല.
എന്നാൽ ഭക്തർ മർദ്ദിച്ചെന്നാരോപിച്ച് സുരക്ഷാ ജീവനക്കാർ ഗുരുവായൂർ ടെമ്പിൾ സ്റ്റേഷനിൽ പരാതി നൽകി എന്ന് റിപ്പോർട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ചുള്ള പോസ്റ്റുകളുടെ താഴെ ഗുരുവായൂർ ദേവസ്വത്തിലെ സെക്യൂരിറ്റി ജീവനക്കാരുടെ ഗുണ്ടായിസത്തെ സൂചിപ്പിക്കുന്ന നിരവധി കമെൻ്റുകളാണ് വന്നിട്ടുള്ളത്.
0 تعليقات