മലയാളത്തിന്റെ പ്രിയപ്പെട്ട ഗായകനാണ് ജി വേണുഗോപാല്‍. താൻ മരിച്ചെന്നുള്ള വ്യാജ പ്രചരണത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് അദ്ദേഹം. 'മരണം കീഴടക്കി, കണ്ണീരായി ഗായകന്‍ ജി വേണുഗോപാല്‍' എന്ന ടൈറ്റിലില്‍ ഒരു സ്ക്രീന്‍ ഷോട്ടാണ് ഗായകന്‍ പങ്കുവച്ചിരിക്കുന്നത്. "ഇങ്ങനെ നീ ഇടയ്ക്കിടയ്ക്ക് ചത്താൽ ഞങ്ങളെന്തോന്ന് ചെയ്യുമെടേയ്.." എന്ന ശീർഷകത്തോടെ സുഹൃത്തുക്കളാണ് ഇത് അയച്ച് തന്നത് എന്ന് വേണുഗോപാല്‍ പറയുന്നു.
വേണുഗോപാല്‍ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ:
അങ്ങനെ ഒരു വർഷത്തിനുള്ളിൽ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ ഭാഗ്യവാനായിരിക്കുന്നു ഈ ഞാൻ😅. ഇപ്പോൾ, കാഷ്മീരിലെ സോൻമാർഗ്, ഗുൽമാർഗ്, പെഹൽഗാം എന്നിവിടങ്ങളിൽ ട്രെക്കിംഗും, മഞ്ഞ് മലകയറ്റവും എല്ലാം കഴിഞ്ഞ് ശ്രീനഗറിൽ ഭാര്യയുമൊത്ത് തിരിച്ചെത്തിയപ്പോഴാണ് ഈയൊരു വാർത്ത എൻ്റെ മോഡൽ സ്കൂൾ ഗ്രൂപ്പിലെ സുഹൃത്തുക്കൾ " ഇങ്ങനെ നീ ഇടയ്ക്കിടയ്ക്ക് ചത്താൽ ഞങ്ങളെന്തോന്ന് ചെയ്യുമെടേയ്...." എന്ന ശീർഷകത്തോടെ അയച്ച് തന്നത്.
ഇനി ഞാൻ ഉടനെയൊന്നും മരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്ര സമ്മേളനം നടത്തണോ എന്ന് നിങ്ങൾ ഉപദേശിക്കണേ....😁😁😁 VG.
0 تعليقات