കൊല്ലം : ഡ്യൂട്ടി സമയത്ത് മദ്യപിച്ച കേസിൽ രണ്ട് പൊലീസുകാർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചു. ഗ്രേഡ് എസ്.ഐ. സുമേഷ്, സിപിഒ മഹേഷ് എന്നിവരെയാണ് കൊട്ടാരക്കര റൂറൽ എസ്പി സാബു മാത്യു അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
രണ്ടുദിവസം മുൻപാണ് അർധരാത്രിയോടെ പത്തനാപുരം പട്ടണത്തിൽ കൺട്രോൾ റൂം വാഹനത്തിൽ എത്തിയ പൊലീസുകാർ മദ്യപിച്ച നിലയിൽ ലക്കുകെട്ടിരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ദൃശ്യങ്ങൾ നാട്ടുകാർ മൊബൈൽ ഫോണിൽ പകർത്തുകയും, ഇരുവരെയും തടഞ്ഞു നിർത്തുകയും ചെയ്തു. പൊലീസുകാരുടെ ഔദ്യോഗിക വാഹനത്തിൽ നിന്നും മദ്യകുപ്പികളും പ്രദേശവാസികൾ കണ്ടെത്തുകയായിരുന്നു.
തുടർന്ന് നാട്ടുകാരുടെ തടഞ്ഞുനിർത്തൽ മറികടക്കാൻ ശ്രമിച്ച ഇവർ അപകടകരമായ രീതിയിൽ വാഹനം ഓടിച്ച് കടന്നു കളയുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും പുറത്തുവന്നതോടെ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇതോടെ ദൃശ്യങ്ങളിൽ നിന്നുള്ള വ്യക്തമായി തിരിച്ചറിഞ്ഞ കൺട്രോൾ റൂം ഗ്രേഡ് എസ്.ഐ. സുമേഷിനെയും സിപിഒ മഹേഷിനെയും സസ്പെൻഡ് ചെയ്യുകയായിരുന്നു.
0 تعليقات