ന്യൂഡൽഹി : മാസപ്പടി കേസിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ തായ്ക്കണ്ടിയുമായി ബന്ധപ്പെട്ട തെളിവുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിലയിരുത്തി. കള്ളപ്പണ നിരോധന നിയമപ്രകാരമായ നടപടികൾ സ്വീകരിക്കാനുള്ള സാധ്യത കണ്ടെത്തിയതിനെ തുടർന്ന്, ഇഡി ഡയറക്ടറുടെ നേതൃത്വത്തിൽ പുതിയ കേസ് രജിസ്റ്റർ ചെയ്യാൻ അനുമതി നൽകിയതായി വിവരം. സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്എഫ്ഐഒ) കണ്ടെത്തലുകൾ അടിസ്ഥാനമാക്കി, കള്ളപ്പണ നിരോധന നിയമപ്രകാരം വീണയ്‌ക്കെതിരെ കേസ് എടുത്ത് അന്വേഷണം ഊർജിതമാക്കാനാണ് ഇഡി നീക്കമെടുത്തത്. ഇതിനായി എസ്എഫ്ഐഒ ശേഖരിച്ച രേഖകളും കുറ്റപത്രത്തിൻ്റെ വിശദാംശങ്ങളും ആവശ്യപ്പെട്ട് ഇഡി കത്ത് നൽകിയതായും ഉറവിടങ്ങൾ പറഞ്ഞു.
വീണ തായ്ക്കണ്ടിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് യുഎഇയിൽ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും, അമേരിക്കയടക്കമുള്ള വിദേശരാജ്യങ്ങളിൽ നിന്ന് അക്കൗണ്ടിലേക്ക് പണം എത്തുന്നതായും ആരോപിച്ചുകൊണ്ട് ഷോൺ ജോർജ് മുമ്പ് ഇഡിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, ഇഡി നേരത്തേ പ്രാഥമിക അന്വേഷണവും നടത്തി. കമ്പനിയുമായി ബന്ധപ്പെട്ട സിഎംആർഎൽ ഉദ്യോഗസ്ഥർക്കും ഇഡി നോട്ടീസ് അയച്ചിരുന്നു. എസ്എഫ്ഐഒയുടെ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ കാത്തിരിക്കാനായിരുന്നു തുടക്കത്തിൽ ഇഡിയുടെ നിലപാട്. ഇപ്പോഴിതാ എസ്എഫ്ഐഒയുടെ കുറ്റപത്രം സമർപ്പിച്ചതിന്റെയും ശേഖരിച്ച തെളിവുകളുടെയും അടിസ്ഥാനത്തിൽ, ഇഡി നടപടി ശക്തമാക്കുകയാണ്.
വീണ തായ്ക്കണ്ടിയെ ചോദ്യം ചെയ്യുന്നതിനുള്ള സാധ്യതയും ഇഡി പരിഗണനയിൽ ഉള്ളതായി ഉയർന്ന വൃത്തങ്ങൾ അറിയിച്ചു. അതേസമയം, എസ്എഫ്ഐഒയുടെ കുറ്റപത്രത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജി ഇന്ന് ഡൽഹി ഹൈക്കോടതിയിൽ പരിഗണിക്കാനിരിക്കുകയാണ്. ഈ ഹർജിയിൽ കോടതി സ്വീകരിക്കുന്ന നിലപാട് ഇഡിയുടെ തുടർനടപടികൾക്കും നിർണ്ണായകമാകുമെന്നാണ് കണക്കാക്കുന്നത്.
0 تعليقات