കൊച്ചി : ലഹരി കേസിൽ പ്രമുഖ സിനിമാതാരം ഷൈൻ ടോം ചാക്കോയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് മലയാള സിനിമ വീണ്ടും വലിയ വിവാദത്തിലായിരിക്കുകയാണ്. താരത്തിന്റെ അറസ്റ്റ് സിനിമാലോകത്തിന് വലിയ നാണക്കേടായതായി സാമൂഹിക സാംസ്കാരിക വ്യവസായ രംഗത്തെ പ്രമുഖ വ്യക്തികൾ പ്രതികരിച്ചു. ഏറെനാളായി സംശയത്തിന്റെ നിഴലിൽ കഴിയുന്ന മറ്റു ചില താരങ്ങളും ഇപ്പോൾ ഈ അറസ്റ്റിന്റെ ഭയത്തോടെയാണ് നോക്കിക്കാണുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഡാൻസാഫ് നിരീക്ഷണത്തിലേക്ക് പത്തോളം യുവതാരങ്ങൾ
പൊലീസിന്റെ ഡാൻസാഫ് വിഭാഗം ഇപ്പോള്‍ പത്തോളം യുവതാരങ്ങളെ കനത്ത നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ലഹരി കേസുമായി ബന്ധപ്പെട്ട് പിടിയിലായ ചില ലഹരി ഇടപാടുകാരുടെയും വിൽപ്പനക്കാരുടെയും മൊഴികളിൽ ചില സിനിമാതാരങ്ങളെയും പരാമർശിച്ചിട്ടുണ്ടെന്നാണ് വിവരം. അന്വേഷണം തുടരുന്നതിനിടെ സിനിമാ മേഖലയിൽ നിന്ന് കൂടുതൽ അറസ്റ്റ് സാധ്യതകൾക്കാണ് പുതിയ റിപ്പോർട്ടുകൾ വിരൽ ചൂണ്ടുന്നത്.
അതേ സമയം, ലക്ഷങ്ങൾ മുതൽ കോടികൾ വരെയുള്ള വിലമതിക്കുന്ന രാസലഹരികളാണ് കൊച്ചിയിലേക്ക് എത്തുന്നത്. ഈ ലഹരികളിൽ പ്രധാന ഉപഭോക്താക്കളായി സിനിമാരംഗത്തുള്ളവർ ഉൾപ്പെടുന്നുവെന്ന ആരോപണം മുൻപ് പലപ്പോഴായി ഉയർന്നിരുന്നു. ഇപ്പോൾ നടൻ അറസ്റ്റിലായതോടെ ആ ആരോപണങ്ങൾക്ക് കൂടുതൽ ഭാരമേറുകയാണ്. മലയാള സിനിമയിൽ രാസലഹരിയുടെ സ്വാധീനം കുറയ്ക്കേണ്ടത് അനിവാര്യമാണെന്ന നിലപാടിൽ മുൻപ് തന്നെ നിർമ്മാതാക്കളുടെ സംഘടന ഇടപെടലിനായി ആവശ്യമുന്നയിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ ആവശ്യം വീണ്ടും ശക്തമായി ഉയരുന്നത് ശ്രദ്ധേയമാണ്. തുടർച്ചയായ ലഹരി കേസുകളും താരങ്ങളുടെ അറസ്റ്റുകളും മലയാള സിനിമയുടെ പ്രതിച്ഛായക്ക് ഗുരുതരമായ തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ. ചലച്ചിത്രരംഗത്ത് നിന്ന് തന്നെ വലിയ വിമർശനങ്ങളാണ് താരങ്ങളുടെ ലഹരി ഉപയോഗത്തിനെതിരെ ഉയർന്നു വരുന്നത്.
0 تعليقات