banner

കൊല്ലത്ത് മകനെ വെട്ടിക്കൊലപ്പെടുത്തി അഭിഭാഷകനായ പിതാവ് ആത്മഹത്യ ചെയ്തു

കൊല്ലം : കടപ്പാക്കട അക്ഷയനഗറിൽ മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു. കൊല്ലപ്പെട്ടത് അക്ഷയനഗർ സ്വദേശി വിഷ്ണു എസ്. പിള്ളയാണ്. ആത്മഹത്യ ചെയ്തത് അഭിഭാഷകനായ ശ്രീനിവാസപിള്ളയാണ്. ശനിയാഴ്ച രാവിലെ ഇരുവരെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിഷ്ണുവിന് ചെറിയ മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പോലീസ് സൂചിപ്പിക്കുന്നു.

വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയിലും ശ്രീനിവാസപിള്ളയെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ശ്രീനിവാസപിള്ള, ഭാര്യ, മകൻ വിഷ്ണു എന്നിവരാണ് കടപ്പാക്കടയിലെ വീട്ടിൽ താമസിച്ചിരുന്നത്. വിഷ്ണുവിന്റെ അമ്മ രണ്ട് ദിവസം മുമ്പ് തിരുവനന്തപുരത്ത് താമസിക്കുന്ന മകളുടെ വീട്ടിലേക്ക് പോയിരുന്നു. ശനിയാഴ്ച രാവിലെ തിരിച്ചെത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ശ്രീനിവാസപിള്ളയെയും വിഷ്ണുവിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

അഭിഭാഷകനായ ശ്രീനിവാസപിള്ള കഴിഞ്ഞ 10 വർഷത്തോളമായി വക്കീൽ പ്രാക്ടീസ് നടത്തിയിരുന്നില്ല. വീടിന് പുറത്ത് ട്യൂഷൻ സെന്ററുകൾ, നിർമാണ കമ്പനികൾ, ഹോട്ടൽ സർവീസ് എന്നിവയുടെ ബോർഡുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ, ഇവ യഥാർത്ഥ സ്ഥാപനങ്ങളല്ലെന്നും മകന്റെ സന്തോഷത്തിനായി ശ്രീനിവാസപിള്ള ഈ ബോർഡുകൾ വെറുതെ സ്ഥാപിച്ചതാണെന്നും കോർപറേഷൻ കൗൺസിലർ വ്യക്തമാക്കി.

വിഷ്ണു രണ്ട് തവണ വിവാഹം കഴിച്ചിരുന്നതായും രണ്ട് വിവാഹങ്ങളും നിയമപരമായി വേർപിരിഞ്ഞതായും നാട്ടുകാർ പറയുന്നു. ഒരിക്കൽ വിഷ്ണു വീടിന്റെ മുകളിൽനിന്ന് താഴേക്ക് ചാടി കാലൊടിഞ്ഞിരുന്നതായും, ഈ സംഭവം വീട്ടിൽ സന്ദർശനത്തിന് എത്തിയവരോട് അഭിമാനത്തോടെ പറഞ്ഞിരുന്നതായും കോർപറേഷൻ കൗൺസിലർ വെളിപ്പെടുത്തി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

إرسال تعليق

0 تعليقات