banner

മരിച്ചത് ആൺകുട്ടിയെന്ന് തെറ്റായി രേഖപ്പെടുത്തി...!, ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആശിർ നന്ദയുടെ ആത്മഹത്യയിലെ പോലീസ് എഫ്ഐആറിൽ പിഴവ്

പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് കോൺവെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആശിർനന്ദ (14) ആത്മഹത്യ ചെയ്ത സംഭവത്തിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ഗുരുതര പിഴവ്. മരിച്ച വിദ്യാർത്ഥിനിയെ ആൺകുട്ടിയെന്ന് തെറ്റായി രേഖപ്പെടുത്തിയതാണ് പിഴവ്. ഇത് സാങ്കേതിക പ്രശ്നമാണെന്നും തിങ്കളാഴ്ച രാവിലെ തിരുത്തുമെന്നും നാട്ടുകൽ സിഐ എ. ഹബീബുല്ല അറിയിച്ചു. എന്നാൽ, എഫ്ഐആറിലെ പിഴവ് കേസ് ദുർബലപ്പെടുത്താനും ആരോപണ വിധേയരെ സംരക്ഷിക്കാനുമുള്ള ശ്രമമാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ ആരോപിച്ചു.

വിദ്യാർത്ഥിനിയുടെ ആത്മഹത്യയ്ക്ക് കാരണം സ്കൂൾ അധ്യാപകരുടെ മാനസിക പീഡനമാണെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. കണക്ക് പരീക്ഷയിൽ 1.5 മാർക്ക് കുറഞ്ഞതിനെ തുടർന്ന് വിദ്യാർത്ഥിനിയെ വഴക്കുപറഞ്ഞതും മറ്റൊരു ക്ലാസിലേക്ക് മാറ്റിയതും മാനസിക വിഷമത്തിന് കാരണമായെന്നാണ് ബന്ധുക്കളുടെ പരാതി. വിദ്യാർത്ഥിനി സ്കൂൾ വിട്ടെത്തിയ ശേഷം തച്ചനാട്ടുകരയിലെ വീടിന്റെ രണ്ടാം നിലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കമ്മീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ വിദ്യാർത്ഥിനിയുടെ വീടും സ്കൂളും സന്ദർശിച്ച് അന്വേഷണം നടത്തി. വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്ത് വീഴ്ചകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രധാനാധ്യാപിക ഉൾപ്പെടെ മൂന്ന് അധ്യാപകരെ സ്കൂൾ പുറത്താക്കി. ജില്ലാ കലക്ടർ സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്, ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സ്കൂളിൽ തെളിവെടുപ്പ് നടത്തി.

പൊലീസ് ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. രക്ഷിതാക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം സ്കൂൾ അധികൃതർക്കും ആരോപണ വിധേയരായ അധ്യാപകർക്കുമെതിരെ ഗുരുതര വകുപ്പുകൾ ഉൾപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് പൊലീസ് അറിയിച്ചു. എഫ്ഐആറിലെ പിഴവ് കോടതി മുഖേന തിരുത്തുമെന്നും പൊലീസ് വ്യക്തമാക്കി.

إرسال تعليق

0 تعليقات