banner

മലയാള സിനിമയിൽ നിന്നുള്ള നടിയല്ലേ...!, അവരെല്ലാം വളരെ അഡ്ജസ്റ്റ് ചെയ്യുന്ന ആളുകളാണ്; ഷൂട്ടിങിനിടയിലെ താൻ ദുരനുഭവം അമിതാഭ് ബച്ചൻ അറിഞ്ഞപ്പോൾ ഉണ്ടായ അനുഭവം പറഞ്ഞ് നടി ശോഭന

മലയാളത്തിനൊപ്പം തന്നെ വിവിധ ഭാഷകളിലും അഭിനയിച്ച് നിരവധി ആരാധകരെ സൃഷ്ടിച്ചിട്ടുള്ള നായികയാണ് ശോഭന. വർഷങ്ങൾക്ക് മുൻപ് അമിതാഭ് ബച്ചനൊപ്പമുള്ള ഒരു ബോളിവുഡ് സിനിമയുടെ സെറ്റിൽ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെക്കുകയാണ് നടി ഇപ്പോൾ.

സിനിമയുടെ പേരോ പാട്ടിന്റെ പേരോ വെളിപ്പെടുത്തിയില്ലെങ്കിലും ആ സെറ്റില്‍ തനിക്ക് നേരിട്ട ഒരനുഭവവും സംഭവം അറിഞ്ഞ് അമിതാഭ് ബച്ചന്‍ ശക്തമായി പ്രതികരിച്ചതിനെ കുറിച്ചും ശോഭന പറഞ്ഞു.

കൂടെ വർക്ക് ചെയ്തതിൽ ഏറ്റവും എളിമയുള്ള ആർട്ടിസ്റ്റ് ആണ് അമിതാഭ് ബച്ചൻ എന്ന് ശോഭന പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ നടന്ന ക്യു&എ സെക്ഷനിൽ സംസാരിക്കുമ്പോൾ ആയിരുന്നു ശോഭനയുടെ വാക്കുകൾ.

വർഷങ്ങൾക്ക് മുൻപ് അദ്ദേഹത്തിനൊപ്പം ഞാൻ ചെറിയ ഒരു ഗാന രംഗത്ത് അഭിനയിച്ചപ്പോൾ ഉണ്ടായ മറ്റൊരു കാര്യവും ശോഭന പറഞ്ഞു.

അഹമ്മദാബാദിൽ ആണ് ഷൂട്ടിങ് നടക്കുന്നത്. പാട്ട് രംഗമാണ്, ഒരുപാട് കോസ്റ്റ്യൂം മാറി മാറി ധരിക്കേണ്ടി വരും, ഷൂട്ടിങ് കാണാനായി ഒരുപാട് ആളുകളും ചുറ്റും കൂടിയിട്ടുണ്ട്.

അതുകൊണ്ട് എന്റെ കാരവാൻ എവിടെ എന്ന് ഞാൻ ചോദിച്ചു. അന്ന് കാരവാൻ സൗകര്യങ്ങൾ ഒന്നും കോമണല്ല.ബച്ചൻ സാറിന് കാരവാൻ ഉണ്ടായിരുന്നു.

അപ്പോൾ പ്രൊഡക്ഷനിൽ ഉണ്ടായിരുന്ന ആരോ ഒരാൾ പറഞ്ഞു, ആഹ, അവർ മലയാള സിനിമയിൽ നിന്നുള്ള നടിയല്ലേ, അവരെല്ലാം വളരെ അഡ്ജസ്റ്റ് ചെയ്യുന്ന ആളുകളാണ്.

ഏതെങ്കിലും മരത്തിന്റെ മറവിൽ ചെന്ന് വസ്ത്രം മാറാൻ പറയൂ എന്ന്. ഇത് വാക്കി ടോക്കിയിലൂടെ കേട്ട ബച്ചൻ സർ ഉടനെ പുറത്തു വന്നിട്ട്, ആരാണ് അങ്ങനെ പറഞ്ഞത് എന്ന് ചോദിച്ചു.

അതിന് ശേഷം, അദ്ദേഹം എന്നെ അദ്ദേഹത്തിന്റെ കാരവാനിലേക്ക് ക്ഷണിക്കുകയും, അവിടെ നിന്ന് വസ്ത്രം മാറാൻ പറയുകയും ചെയ്തു.

എനിക്ക് വേണ്ടി അദ്ദേഹം കാരവാനിൽ നിന്ന് പുറത്തിറങ്ങുകയും ചെയ്തു എന്നാണ് ശോഭന പറഞ്ഞത്.

അത്രയും കൂടെ ജോലി ചെയ്യുന്നവരെ പരിഗണിക്കുന്ന സൂപ്പർ സ്റ്റാറാണ് അമിതാഭ് ബച്ചൻ എന്ന് ശോഭന പറയുന്നു.


إرسال تعليق

0 تعليقات